ന്യൂഡൽഹി: രാജിവച്ച സർക്കാർ ജീവനക്കാർക്ക് പെൻഷന് അർഹതയില്ലെന്ന് സുപ്രീംകോടതി. രാജിവയ്ക്കുന്നയാൾ അതുവരെയുള്ള തന്റെ സർവീസ് ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അതിനാൽ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്നും കേന്ദ്രസിവിൽ സർവീസ് പെൻഷൻ നിയമം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹൃഷികേശ് റോയിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സ്വയംവിരമിക്കലും രാജിയും തമ്മിൽ വ്യത്യാസമുണ്ട്. ഒരാൾക്ക് ഏത് നിമിഷവും രാജിവയ്ക്കാം. അതേസമയം വി.ആർ.എസ് ഒരു നിശ്ചിത കാലത്തിന് ശേഷമേ തേടാനാകൂ. വി.ആർ.എസ്എടുക്കുന്നയാൾക്ക് ആനുകൂല്യങ്ങൾക്ക് അർഹതയുമുണ്ട്. ഒരാൾ രാജി നൽകിയാൽ പിന്നെ സ്വയംവിരമിക്കൽ എന്ന ചോദ്യമുയരുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ബി.എസ്.ഇ.എസ് യമുന പവർ ലിമിറ്റഡിന്റെ ഹർജിയിലാണ് വിധി.
കമ്പനിയിലെ പ്യൂൺ ആയിരുന്ന ഘനശ്യാം ചന്ദ് ശർമ്മ 1971 ഡിസംബർ 22നാണ് സ്ഥിരപ്പെടുന്നത്. 1990 ജൂലായ് ഏഴിന് രാജിവച്ചു. രാജിവയ്‌ക്കുന്നവർക്ക് പെൻഷന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ഘനശ്യാമിന് പെൻഷൻ നിഷേധിച്ചു. ഇയാളുടെ ഹർജി അനുവദിച്ച ഡൽഹി ഹൈക്കോടതി 20 വർഷം പൂർത്തിയായാൽ വി.ആർ.എസിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൻഷൻ നൽകാൻ ഉത്തരവിട്ടു. ഇതിനെതിരെയാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്.