ന്യൂഡൽഹി: ലോക് സഭയിൽ വെള്ളിയാഴ്ച ഉന്നാവ പീഡനം ഉന്നയിച്ച് നടന്ന ബഹളത്തിനിടെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുമായി വാക്കേറ്റം നടത്തിയ കോൺഗ്രസ് എം.പിമാരായ ടി.എൻ. പ്രതാപനും ഡീൻകുര്യാക്കോസിനുമെതിരെ ബി.ജെ.പി നൽകിയ പരാതിയിൽ സ്പീക്കർ ഓം ബിർള തീരുമാനമെടുക്കും.
സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിൽ ഇരുവരെയും സസ്പെൻഡ് ചെയ്യാനുള്ള പ്രമേയത്തിന് കേന്ദ്ര
സർക്കാർ അനുമതി വാങ്ങിയിരുന്നെങ്കിലും ഇന്നലെ അവതരിപ്പിച്ചില്ല. ശൂന്യവേളയുടെ ആരംഭത്തിൽ വിഷയം ഉന്നയിച്ച പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി, ആരെയും സസ്പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. പ്രതാപന്റെയും ഡീനിന്റെയും പെരുമാറ്റം കടുത്തുപോയതിനാൽ ഇരുവരും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് അംഗങ്ങൾ ബഹളം വച്ചതോടെ ഇടപെട്ട സ്പീക്കർ ഇരുഭാഗത്തെയും കേട്ടശേഷം താൻ തീരുമാനമെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.
വിവാദമായ പൗരത്വഭേദഗതി ബിൽ അവതരണ പശ്ചാത്തലത്തിലാണ് ബി.ജെ.പി നിലപാട് മയപ്പെടുത്തിയത്.
ഉന്നാവയിലേതടക്കമുള്ള രാജ്യത്തെ പീഡനസംഭവങ്ങളിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ച കോൺഗ്രസ് ഇന്നലെ വിഷയം ഉന്നയിച്ചതേയില്ല. വെള്ളിയാഴ്ച ഉന്നാവ വിഷയത്തിൽ കോൺഗ്രസ് വാക്കൗട്ട് നടത്തിയിരുന്നു. ആഭ്യന്തരമന്ത്രിക്ക് പകരം മറുപടി പറയാൻ ശ്രമിക്കുന്നതിനിടെയാണ് സ്മൃതി ഇറാനിയും ഡീനും പ്രതാപനും തമ്മിൽ വാക്കേറ്റമുണ്ടായത്. തിങ്കളാഴ്ച ഇരുവരും മാപ്പ് പറഞ്ഞില്ലെങ്കിൽ സസ്പെൻഷൻ പ്രമേയം അവതരിപ്പിക്കുമെന്ന കടുത്ത നിലപാടിലായിരുന്നു ബി.ജെ.പി.