ന്യൂഡൽഹി : മരട് ഫ്‌ളാറ്റുകൾ പൊളിക്കാനായി ഒരാഴ്ച കൂടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് പ്രായത്തിന്റെ അവശതകളെ കൂശാതെ വീൽചെയറിലാണ് തൊന്നൂറ്റിയൊന്നാം വയസിൽ ലില്ലി തോമസ് അവസാനമായി സുപ്രീംകോടതിയിലെത്തിയത്. മനസിനൊപ്പം ശരീരം വഴങ്ങാത്ത അവസ്ഥയിലും പ്രസന്നമായിരുന്നു മുഖം. നീതിപീഠത്തിന് മുന്നിൽ വ്യക്തമായിരുന്നു ലില്ലിയുടെ നിലപാടുകൾ. കുറ്റവാളികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നതടക്കം പല ചരിത്ര വിധികൾക്കും കാരണക്കാരിയായി ലില്ലി തോമസ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ വ്യക്തമായൊരിടം സ്വന്തമാക്കിയാണ് വിടപറഞ്ഞിരിക്കുന്നത്. ഒന്നരവർഷം മുമ്പായിരുന്നു അവസാനമായി ഇവർ ജന്മദേശമായ ചങ്ങനാശേരിയിൽ എത്തിയത്. അന്ന് നാട്ടുകാർ ഇന്ത്യൻ ചരിത്രത്തിൽ ഇടംപിടിച്ച അവരുടെ ലില്ലി വക്കീലിനെ ആദരിച്ചു.
പിതാവ് അഡ്വ.കെ.ടി. തോമസിൽ നിന്നായിരുന്നു അഭിഭാഷക മോഹം നാമ്പിടുന്നത്. കേരളത്തിലെ ആദ്യ വനിത അഭിഭാഷകയായ അഡ്വ. ലില്ലി തോമസ് എം.എൽ.ബിരുദവും നേടിയതോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയായി. 1955ൽ മദ്രാസ് ഹൈക്കോടതിയിലായിരുന്നു അഭിഭാഷക ജീവിതത്തിന് തുടക്കം കുറിച്ചത്.
നിയമത്തിൽ പി.എച്ച്.ഡി ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇതിനായി മദ്രാസിൽ നിന്ന് ഡൽഹിയിലേക്ക് എത്തി. എന്നാൽ പി.എച്ച്.ഡി പൂർത്തിയാക്കാൻ ഇവർക്ക് സാധിച്ചില്ല. ഇതോടെ സുപ്രീം കോടതിയിൽ പ്രാക്ടീസ് തുടങ്ങുകയായിരുന്നു. അന്ന് സഹോദരനായിരുന്ന അഡ്വ. ജോൺ തോമസും അവിടെ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. വിദേശകാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഉപദേശകൻകൂടിയായിരുന്ന പോളണ്ടുകാരൻ പ്രൊഫ.ചാൾസ് ഹെന്റി അലക്‌സാണ്ടർ വിഛിന്റെ ശിഷ്യയുമാണ്. തന്റെ വാദങ്ങൾ കോടതിയെ പറഞ്ഞ് മനസിലാക്കിക്കാൻ ഏതറ്റം വരെയും പോകുന്ന ലില്ലി തോമസ് അഭിഭാഷകർക്കിയിലെ ജനകീയ മുഖമായിരുന്നു. പൊതുജന താത്പര്യവും സ്വീകാര്യതയും നേടിയ ധാരാളം ഹർജികൾ ഇവർ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
പ്രധാന വിധികൾക്ക് വഴിയൊരുക്കിയ ലില്ലിയുടെ ഹർജികൾ
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 494 ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ ഒരേസമയം ഒന്നിലധികം പങ്കാളികൾ ഉണ്ടാകുന്നത് ക്രിമിനൽ കുറ്റമായി മാറി.