illi

ന്യൂഡൽഹി : ക്രിമിനൽവത്കരണത്തിൽ നിന്ന് രാഷ്ട്രീയത്തെ മോചിപ്പിക്കാനുള്ള ചരിത്രപരമായ നിയമ പോരാട്ടം നടത്തി, ജനപ്രാതിനിദ്ധ്യ നിയമം മാറ്റി എഴുതുന്നതിന് വഴിയൊരുക്കിയ മുതിർന്ന സുപ്രീം കോടതി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ഡൽഹിയിലെ പഡ്പർഗഞ്ചിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മദ്രാസ് സർവകലാശാലയിൽ നിന്ന് എം.എൽ. ബിരുദം നേടി ഇന്ത്യയിൽ ആദ്യമായി ഇൗ ബിരുദം കരസ്ഥമാക്കിയ വനിത എന്ന ബഹുമതിയോടെ 1968ൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് തുടങ്ങിയ ലില്ലി തോമസ് ചങ്ങനാശേരി കുത്തുകല്ലുങ്കൽ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്. കോട്ടയം ജില്ലയിൽ ജനിച്ച ലില്ലി തോമസ് വളർന്നത് തിരുവനന്തപുരത്തായിരുന്നു.

സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷകയായ ലില്ലി തോമസ് ഡൽഹിയിലായിരുന്നു താമസിച്ചിരുന്നത്. രണ്ട് വർഷമോ അതിൽകൂടുതലോ ജയിൽ ശിക്ഷ ലഭിക്കുന്നവർക്ക് ജനപ്രതിനിധിയായി തുടരുന്നതിനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും 5 വർഷത്തേക്ക് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് കാരണമായ കേസ് ഫയൽ ചെയ്തത് ലില്ലി തോമസായിരുന്നു. ജയലളിതയ്ക്കും ലാലുപ്രസാദ് യാദവിനും അധികാരം നഷ്ടപ്പെടാൻ ഇൗ വിധി ഇടയാക്കിയിരുന്നു. ക്രിസ്റ്റ്യൻ കുടുംബങ്ങളിലെ സ്ത്രീകളുടെ തല്യ സ്വത്തവകാശവുമായി ബന്ധപ്പെട്ട ഹർജിയിൽ മേരി റോയിക്ക് വേണ്ടി ഹാജരായിരുന്നു. മരട് കേസിൽ താമസക്കാർക്ക് ഒരാഴ്ച കൂടി സാവകാശം ആവശ്യപ്പെട്ട് വീൽചെയറിലിരുന്ന് അടുത്തിടെ ഹാജരായതാണ് ലില്ലി തോമസിന്റെ അവസാനത്തെ കേസ്.തികഞ്ഞ ക്രിസ്തുമത വിശ്വാസിയായിരുന്ന ഇവർ നിത്യവും ബെെബിൾ പാരായണം ചെയ്യുന്നതിന് പുറമേ ആദിത്യഹൃദയ സ്തോത്രവും വിഷ്ണു സഹസ്രനാമവും കാണാതെ ചൊല്ലുമായിരുന്നു. അവിവാഹിതയായ അ‌ഡ്വ. ലില്ലിയുടെ മൃതദേഹം ഡൽഹിയിൽ സംസ്കരിക്കും.