ന്യൂഡൽഹി: രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശ ആറ് മാസത്തിനുള്ളിൽ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി. വിവിധ ഹൈക്കോടതികളിലേക്കുള്ള 213 ജഡ്ജിമാരുടെ നിയമനത്തിന് കാലതാമസം എടുക്കുന്നത് കോടതി നടപടികളെ ബാധിക്കുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷ്ന കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
2017ന് ശേഷം ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം മന്ദഗതിയിലാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2019 ൽ പകുതി നിയമനം മാത്രമേ നടന്നിട്ടുള്ളൂ.
സർക്കാരിന്റെ വിദഗ്ദോപദേശത്തോടെ തുടർച്ചയായി നടക്കേണ്ട പ്രവർത്തനമാണ് ജഡ്ജി നിയമനമെന്ന് വിധിയിൽ പറയുന്നു. നിയമ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചതടക്കം നിയമനത്തിലുൾപ്പെട്ട 213 ജഡ്ജിമാരുടെ ലിസ്റ്റ് കോടതിയിൽ ഹാജരാക്കണം.മൂന്ന് ആഴ്ചയ്‌ക്കുള്ളിൽ നിയമന്ത്രാലയം നിയമന ലിസ്റ്റ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കൈമാറണം.