ന്യൂഡൽഹി:രാജ്യത്ത് വൻ കോളിളക്കം സൃഷ്ടിച്ച നിർഭയ കൂട്ടമാനഭംഗ കൊലക്കേസിലെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന ഹർജിയുമായി നാലാംപ്രതി അക്ഷയ് താക്കൂർ സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് നീക്കം.
വായു മലിനീകരണം രൂക്ഷമായതിനാൽ ഗ്യാസ് ചേംബറായി മാറിയ ഡൽഹിയിൽ മനുഷ്യർക്ക് ആയുസ് കുറവാണെന്നും വെള്ളവും വിഷമയമാണെന്നും പിന്നെന്തിന് വധശിക്ഷയെന്നും ഹജിയിൽ ചോദിക്കുന്നു.
കേസിലെ മറ്റ് പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ്മ, പവൻ ഗുപ്ത എന്നിവരുടെ റിവ്യൂഹർജികൾ 2018 ജൂലായ് 9ന് സുപ്രീംകോടതി തള്ളിയിരുന്നു.അക്ഷയ് അവർക്കൊപ്പം റിവ്യൂ ഹർജി നൽകിയിരുന്നില്ല. വിനയ് ശർമ്മ നേരത്തെ ദയാ ഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ദയാഹർജി തന്റെ അറിവോടെയല്ലെന്ന് കാണിച്ച് പിൻവലിക്കാൻ അപേക്ഷ നൽകിയിരുന്നു. വധശിക്ഷ വിധിക്കുന്ന കേസുകളിൽ പ്രതികൾക്ക് നിയമത്തിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കാൻ അവസരം നൽകണമെന്ന വ്യവസ്ഥയുണ്ട്. പുനഃപരിശോധനാ ഹർജി തള്ളിയാൽ തിരുത്തൽ ഹർജിയും ശേഷം ദയാഹർജിയും നൽകാനാകും.