ന്യൂഡൽഹി: ലോക്‌സഭ പാസാക്കിയ വിവാദ പൗരത്വഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ഭരണഘടനാവിരുദ്ധം, ഗോത്രവിരുദ്ധം തുടങ്ങിയ വിഷയങ്ങളുമായി കടുത്ത പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷ തീരുമാനം. ലോക്‌സഭയിൽ ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയിൽ ബില്ലിനെതിരെ ശബ്ദമുയർത്തും. ചോദ്യങ്ങളിൽ വ്യക്തമായ ഉത്തരമില്ലെങ്കിൽ രാജ്യസഭയിൽ പൗരത്വഭേദഗതി ബില്ലിനെ അനുകൂലിക്കില്ലെന്ന് ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു.
' കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്നവർ രാജ്യസ്‌നേഹികളും അല്ലാത്തവർ രാജ്യവിരുദ്ധരുമാകുന്ന അവസ്ഥയാണ്. ഇത് മാറ്റണം. അയൽരാജ്യങ്ങളിൽ വിവിധ വിഭാഗത്തിൽപ്പെട്ടയാളുകൾ ഏൽക്കുന്ന ക്രൂരതയുടെ പേരിലാണ് ലോക്‌സഭയിൽ ബില്ലിനെ അനുകൂലിച്ചത്. പക്ഷേ ദേശസുരക്ഷ മുതൽ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ജനങ്ങളുടെ അവകാശം വരെയുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി വേണം. ഇല്ലെങ്കിൽ പിന്തുണയ്ക്കില്ല'- ഉദ്ധവ് വ്യക്തമാക്കി.
ഉച്ചയ്ക്ക് രണ്ടിന് ശേഷം ആറുമണിക്കൂറാണ് ചർച്ച. ബില്ലിനെതിരെ സി.പി.എം ഭേദഗതി അവതരിപ്പിക്കും. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം എളമരം കരീം എം.പി ഉന്നയിക്കും.
പ്രതിപക്ഷത്തിന് മേൽക്കൈയുണ്ടെങ്കിലും രാജ്യസഭയിൽ ബിൽ പാസാക്കാൻ സർക്കാരിന് കഴിയും. 241 അംഗങ്ങളുള്ള രാജ്യസഭയിൽ ടി.ഡി.പി (2), ബി.ജെ.ഡി (7), വൈ.എസ്.ആർ കോൺഗ്രസ് (2) എന്നിവരുടേതടക്കം 129 എം.പിമാരുടെ പിന്തുണയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. അടിയന്തരസാഹചര്യം പരിഗണിച്ച് വിദേശത്തുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെ സർക്കാർ തിരിച്ചുവിളിച്ചിട്ടുണ്ട്. ആറ് അംഗങ്ങളുള്ള ടി.ആർ.എസും ശിവസേനയുടെ മൂന്നും ചേർത്ത് 112 പേരാണ് പ്രതിപക്ഷത്തുണ്ടാവുക. പൗരത്വബില്ലിനെതിരെ ഇന്നലെ രാവിലെ ഇടത് എം.പിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.
ആശങ്കാജനകം: യു.എസ് കമ്മിഷൻ
പൗരത്വബിൽ ആശങ്കാജനകമാണെന്ന് യു.എസ് കമ്മിഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഉൾപ്പെടെ ഉപരോധം ഏർപ്പെടുത്തുന്നത് യു.എസ് സർക്കാർ പരിഗണിക്കണമെന്ന് കമ്മിഷൻ വ്യക്തമാക്കി.
ഈ പ്രസ്താവന തെറ്റും നീതീകരിക്കാനാവാത്തതുമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില അയൽ രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ പീഡനമേൽക്കുന്ന മതന്യൂനപക്ഷങ്ങളുടെ നിലവിലെ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കാനും അടിസ്ഥാന മനുഷ്യാവകാശം ഉറപ്പാക്കുകയുമാണ് ബില്ല് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.
അസമിൽ പ്രതിഷേധം, ബന്ത്
അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വം നൽകുന്നത് തങ്ങളുടെ ജീവിതത്തെയും സ്വത്വത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അസം ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധമുയർന്നു. 12 മണിക്കൂർ ബന്തിനിടെ നിരവധി അക്രമസംഭവങ്ങൾ റിപ്പോർട്ടു ചെയ്തു. വിദ്യാർത്ഥികൾ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. മണിപ്പൂരിനെ ബില്ലിൽ നിന്ന് ഒഴിവാക്കിയതിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ആഹ്ലാദ പ്രകടനങ്ങൾ നടന്നു.