ന്യൂഡൽഹി: ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങളിൽ ലോക്‌സഭയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബഹളം. ഫാറൂഖ് അബ്ദുള്ളയുൾപ്പെടെയുള്ള നേതാക്കൾ ഇപ്പോഴും തടവിലാണെന്നും കാശ്മീരിൽ ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുകയാണെന്നും കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി.
അതേസമയം ജമ്മുകാശ്മീരിലെ സ്ഥിതി സാധാരണനിലയിലാണെന്നും കോൺഗ്രസിന്റെ സ്ഥിതി സാധാരണനിലയിലാക്കാൻ തനിക്ക് കഴിയില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പരിഹസിച്ചു. ആർട്ടിക്കിൾ 370 നീക്കിയാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് പ്രവചിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ഒരു വെടിപോലും പൊട്ടിച്ചില്ല.
ഫാറൂഖ് അബ്ദുള്ളയുൾപ്പെടെയുള്ളവരെ ഒരു ദിവസംപോലും അധികമായി ജയിലിൽ കിടത്തണമെന്ന് ആഗ്രഹമില്ല. ശരിയായ സമയത്ത് പ്രാദേശിക ഭരണകൂടം അവരെ മോചിപ്പിക്കും. ഫാറൂഖ് അബ്ദുള്ളയുടെ പിതാവിനെ കോൺഗ്രസ് 11 വർഷമാണ് ജയിലിലടച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 99.5 ശതമാനം കുട്ടികളും പരീക്ഷയെഴുതി. 7 ലക്ഷം പേർ ശ്രീനഗറിലെ ആശുപത്രികളിൽ ഒ.പി സേവനം തേടി. കർഫ്യൂ, സെക്ഷൻ 144 എല്ലായിടത്തും നീക്കിയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.