parliament

ന്യൂഡൽഹി: നിയമവിരുദ്ധമായി തോക്കുകൾ കൈവശം വച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ആയുധ നിയമഭേദഗതി ബിൽ പാർലമെൻറ് പാസാക്കി. കഴിഞ്ഞദിവസം ലോക്സഭ പാസാക്കിയ ബിൽ ഇന്നലെ ശബ്ദവോട്ടോടെയാണ് രാജ്യസഭ കടന്നത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളി. പരമ്പരാഗതമായി ലഭിച്ച ഹെറിറ്റേജ് ആയുധങ്ങൾ നിർജീവമാക്കി സൂക്ഷിക്കാമെന്ന് ആഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡി വ്യക്തമാക്കി. ഭരണപക്ഷത്തുനിന്നുള്ള എം.പിമാരടക്കം ഈ ആവശ്യമുന്നയിച്ചിരുന്നു.
നിയമവിരുദ്ധമായി തോക്കുകൾ കൈവശം വയ്ക്കൽ, നിർമ്മിക്കൽ എന്നിവയ്ക്കുള്ള കുറഞ്ഞശിക്ഷ 14 വർഷം തടവും പരമാവധി ശിക്ഷ ജീവിതാവസാനം വരെ തടവുമാണ്. ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ലൈസൻസുള്ള തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറച്ചു.