ന്യൂഡൽഹി: ഹൈദരാബാദിൽ മൃഗഡോക്ടറെ മാനഭംഗം ചെയ്ത് കൊന്ന് തീകൊളുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിൽ പൊലീസ് കൊലപ്പെടുത്തിയ സംഭവം വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. കഴിഞ്ഞ 6നാണ് സംഭവം.
മുൻ ജസ്റ്റിസ് പി.വി. റഡ്ഡിയെ അന്വേഷണത്തിന്റെ ചുമതലയേൽപ്പിക്കാൻ തീരുമാനിച്ചെങ്കിലും അദ്ദേഹം ലഭ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.
ഉന്നത കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയാകണം അന്വേഷിക്കേണ്ടത്. സത്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നറിയാം. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയെ അന്വേഷണത്തിനായി വയ്ക്കും. മുൻ ചീഫ് ജസ്റ്റിസിന്റെ പേര് നിർദ്ദേശിക്കാൻ ഹർജിക്കാരോട് ബെഞ്ച് നിർദ്ദേശിച്ചു. അദ്ദേഹം ഡൽഹിയിലിരുന്നുകൊണ്ട് തന്നെ അന്വേഷണം നടത്തുമെന്നും കോടതി പറഞ്ഞു.
കേസിൽ സുപ്രീംകോടതി നാളെയും വാദം കേൾക്കൽ തുടരും. കേസ് നാളെ വീണ്ടും പരിഗണിക്കുമ്പോൾ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ് കുമാർ യാദവ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. തെളിവെടുപ്പിന് സംഭവസ്ഥലത്തെത്തിച്ചപ്പോൾ പൊലീസിൽ നിന്ന് ആയുധം കരസ്ഥമാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ പ്രതികൾ കൊല്ലപ്പെട്ടെന്നാണ് പൊലീസ് വാദം.
എന്നാൽ കേസിൽ പൊലീസിന്റെ അനാസ്ഥ മൂലമുണ്ടായ പൊതുജനരോഷം ഇല്ലാതെയാക്കാൻ പൊലീസ് കരുതികൂട്ടി നടത്തിയ കൊലപാതകമാണിതെന്ന് ഹർജിക്കാർ വാദിക്കുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെട്ട വീട്ടുകാരോട് പെൺകുട്ടി ആർക്കൊപ്പമെങ്കിലും ഒളിച്ചോടിയതാകുമെന്ന് പറഞ്ഞ് പൊലീസ് അന്വേഷണം വൈകിപ്പിച്ചു. പ്രതികളുടെ ഏറ്റുമുട്ടൽ വാർത്ത മാദ്ധ്യമങ്ങളെ അറിയിച്ചപ്പോൾ പൊലീസ് മേധാവി വി.സി. സജ്ജനാറിന് യാതൊരു കുറ്റബോധവുമുണ്ടായിരുന്നില്ല. കൊലപാതകം ചെയ്ത പൊലീസുകാർക്ക് ജനങ്ങൾ മധുരം വിതരണം ചെയ്യുന്നു. നാട്ടിലെ നിയമവ്യസ്ഥയ്ക്ക് യാതൊരു അർത്ഥവുമില്ലാത്ത അവസ്ഥയാണെന്നും ഹർജിക്കാർ വാദിച്ചു.