പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യത്യസ്ത വാദമുഖങ്ങൾ ഉയരുന്നുണ്ട്. മൂന്ന് മുസ്ലിം അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള പൗരത്വനിയമഭേദഗതി കടുത്ത ആശങ്കകൾ ഉയർത്തുന്നതാണെന്ന് ബില്ലിനെ എതിർക്കുന്നവർ പറയുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം അഭയാർത്ഥികളെ പരിഗണിക്കാതെയാണ് നിയമനിർമ്മാണം. മതേതര രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വമോ എന്ന ചോദ്യത്തെ അവഗണിക്കുന്ന മോദി - ഷാ സർക്കാരിന്റെ മനസിൽ അസം മാതൃകയിൽ രാജ്യം മുഴുവനും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ദേശീയ പൗരത്വപട്ടിക തന്നെയാണ്. അസമിൽ പൗരത്വപട്ടികയുടെ അന്തിമ കരടിൽ നിന്ന് പുറത്തായവരിൽ കൂടുതലും ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദുക്കളായിരുന്നു. ആകെ പുറത്തായ 19 ലക്ഷത്തിൽ ഏകദേശം 12 ലക്ഷം പേർ ഹിന്ദുക്കളാണെന്നാണ് കണക്ക്. ഇവരെ സംരക്ഷിക്കുകയും രാജ്യം മുഴുവൻ എൻ.ആർ.സി നടപ്പാക്കുമ്പോൾ ഇത് ആവർത്തിക്കാതിരിക്കുകയെന്നതുമാണ് പൗരത്വഭേദഗതിയിലൂടെ സർക്കാർ ഉറപ്പാക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 2016 ൽ അവതരിപ്പിച്ച ബില്ല് 2019 ഫെബ്രുവരിയിൽ ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ രാജ്യസഭയിൽ പാസാക്കാനായില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ശക്തമായ എതിർപ്പിനെ തുടർന്ന് ബില്ലിൽ ചില മാറ്റങ്ങൾ വരുത്തിയാണ് പുതിയ ബില്ല് കൊണ്ടുവന്നത്. ഭിന്നിച്ച പ്രതിപക്ഷവും പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷവും രണ്ടാംമോദി സർക്കാരിന് കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്. അഹമ്മദിയ മുസ്ലിങ്ങളും ഷിയാവിഭാഗത്തിലുള്ളവരും പാകിസ്ഥാനിൽ വിവേചനം അനുഭവിക്കുന്നുണ്ട്. ബർമയിൽ റോഹിഗ്യൻ മുസ്ലിങ്ങളും ഹിന്ദുക്കളും, ശ്രീലങ്കയിൽ ഹിന്ദു, ക്രിസ്ത്യൻ തമിഴ് വിഭാഗവും മതപീഡനങ്ങൾക്കിരയാകുന്നു. എന്നാൽ ഈ രാജ്യങ്ങളിലുള്ള അഭയാർത്ഥികളെകുറിച്ചുള്ള ചോദ്യത്തിൽ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുകയാണ്.
അഭയാർത്ഥി കുടിയേറ്റം വർദ്ധിക്കുമെന്നും തങ്ങളുടെ സ്വത്വത്തെയും സംസ്കാരത്തെയും സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് കടുത്ത പ്രതിഷേധമുയരുന്നത്. ദേശീയ പൗരത്വപട്ടിക വരുമ്പോൾ, ബംഗ്ലാദേശിൽ നിന്നടക്കം വർഷങ്ങളായി കുടിയേറി താമസിക്കുന്ന തങ്ങൾ പുറത്താകുമോയെന്ന ആശങ്കയാണ് രാജ്യത്തെ വിവിധ ക്യാമ്പുകളിൽ താമസിക്കുന്ന മുസ്ലിം അഭയാർത്ഥികൾക്കുള്ളത്.
നുഴഞ്ഞുകയറ്റക്കാർ പേടിക്കണം
ഇന്ത്യയെ വിഭജിച്ച് മതത്തിന്റെ പേരിൽ പാകിസ്ഥാനുണ്ടാക്കിയില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു നിയമമേ വേണ്ടിവരില്ലായിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ വിശദീകരിച്ചത്. അഭയാർത്ഥികളല്ല , നുഴഞ്ഞുകയറ്റക്കാരാണ് പേടിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മുസ്ലിങ്ങൾക്ക് അഭയം തേടാൻ മുസ്ലിം രാഷ്ട്രങ്ങൾ ധാരാളമുണ്ടെന്നും ഹിന്ദുക്കൾക്ക് അഭയം തേടാൻ ഇന്ത്യ മാത്രമേയുള്ളൂവെന്നാണ് മറ്റു ചില ബി.ജെ.പി നേതാക്കളുടെ വാദം.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ഈ മൂന്നു രാജ്യങ്ങളിലും ന്യൂനപക്ഷങ്ങൾ കടുത്ത മതപീഡനം നേരിടുന്നു. ഈ ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷമായ ഹിന്ദുവിഭാഗമാണ് വലിയ രീതിയിൽ അക്രമത്തിനിരയാകുന്നത്. മതം കാരണം ജീവിക്കാൻ കഴിയാത്ത സ്ഥിതി. ചരിത്രപരമായി ഇന്ത്യയുടെ ഭാഗംകൂടിയായിരുന്ന അവർക്ക് അഭയം തേടാൻ ഇന്ത്യയല്ലാതെ വേറെ രാജ്യമില്ല. ഇവർ കുംഭമേള പോലെയുള്ള മതചടങ്ങുകൾക്കെന്ന പേരിൽ താത്കാലിക വിസ നേടി ഇന്ത്യയിലെത്തി കാലാവധി നീട്ടിവാങ്ങുകയാണ്. രാജസ്ഥാൻ, ഡൽഹി,യു.പി, അസം സംസ്ഥാനങ്ങളിലെ ക്യാമ്പുകളിലാണ് താമസിക്കുന്നത്. അവർക്ക് തിരിച്ചുപോകാൻ താത്പര്യമില്ല. ഇന്ത്യയിൽ താമസിക്കുന്ന ഇവർക്ക് റേഷൻ ഉൾപ്പെടെയുള്ള ഒരു ആനുകൂല്യങ്ങളും ലഭിക്കില്ല. ഭൂമി വാങ്ങാനോ വ്യവസായം ചെയ്യാനോ സാദ്ധ്യമല്ല. ടിബറ്റൻ അഭയാർത്ഥികൾ പൗരത്വം നേടി ഇന്ത്യക്കാരെ പോലെ തന്നെ ബിസിനസ് ചെയ്തും മറ്റുമായി നന്നായി ജീവിക്കുന്നു.
രാജ്യത്തെ വിവിധ ക്യാമ്പുകളിൽ കഴിയുന്നവരെ സംരക്ഷിക്കാനാണ് വ്യവസ്ഥകൾ ലഘൂകരിക്കുന്നത്. നേരത്തെ 12 വർഷം കാത്തിരുന്നാലെ ഇന്ത്യൻ പൗരത്വം ലഭിക്കുമായിരുന്നുള്ളൂ. ഇത് ആറ് വർഷമായി കുറയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇന്ത്യാ വിഭജന സമയത്തും ബംഗ്ലാദേശ് വിമോചന കാലത്തും എത്തിയ അഭയാർത്ഥികൾക്ക് ഇന്ത്യ പൗരത്വം നൽകിയിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നെത്തിയവർ ത്രിപുരയിലും ബംഗാളിലും അസമിലുമാണ് താമസിച്ചത്. ഒരുപാട് ബംഗ്ലാദേശികൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടുണ്ട്. അന്ന് ആരും ആർട്ടിക്കിൾ 14ന്റെ ലംഘനമെന്നോ ഭരണഘടനാവിരുദ്ധമെന്നോ പറഞ്ഞിട്ടില്ല. ഉഗാണ്ടയിൽ ഈദി അമീന്റെ കാലത്ത് പീഡനമേറ്റ ഇന്ത്യക്കാർക്കും പൗരത്വം നൽകിയിട്ടുണ്ട്. മതേതരമെന്ന് പറഞ്ഞ് ഉഗാണ്ടക്കാർക്കും പൗരത്വം നൽകണമെന്ന് ആരും അന്ന് പറഞ്ഞിട്ടില്ലെന്നുമാണ് ബി.ജെ.പി നേതാക്കളുടെ വാദം.
മതാടിസ്ഥാനത്തിലുള്ള
പൗരത്വം ഭരണഘടനാവിരുദ്ധം
മതതേര രാജ്യത്ത് പൗരത്വത്തിന് മതം പ്രധാന ഘടകമാകുന്നത് ഭരണഘടനാമൂല്യങ്ങളുടെ ലംഘനമാണെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തിയത്. ഒരു സമുദായത്തെ മാത്രം ഒഴിവാക്കുകയും മറ്റ് എല്ലാ സമുദായങ്ങളെയും പരാമർശിക്കുകയും ചെയ്തതിലൂടെ സർക്കാരിന്റെ ഉദ്ദേശം വ്യക്തമാണ്. തുല്യത ഉറപ്പാക്കുന്ന ഭരണഘടനാ അനുഛേദം 14ന്റെ ലംഘനമാണ് ഭേദഗതി. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചാണ് നിയമനിർമ്മാണമെന്നും ആരോപണമുണ്ട്.
പൗരത്വ ഭേദഗതി ഇങ്ങനെ
മത പീഡനങ്ങളെ തുടർന്ന് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറി ആറു വർഷമായി ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി എന്നീ മതത്തിൽപ്പെട്ടവർക്ക് പൗരത്വം. പൗരത്വം ലഭിക്കണമെങ്കിൽ കുറഞ്ഞത് 11 വർഷം ഇന്ത്യയിൽ സ്ഥിരതാമസക്കാരായിരിക്കണമെന്ന വ്യവസ്ഥയിൽ ഇളവ്.
2014 ഡിസംബർ 31വരെ ഇന്ത്യയിൽ അഭയം തേടിയവർക്കാണ് പൗരത്വത്തിന് യോഗ്യത.
ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെട്ട അസാം, മേഘാലയ, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളും 1873 ലെ ബംഗാൾ കിഴക്കൻ അതിർത്തി നിയന്ത്രണപ്രകാരം പുറപ്പെടുവിച്ച 'ഇന്നർ ലൈൻ" വിജ്ഞാപനത്തിന് കീഴിൽ വരുന്ന അരുണാചൽപ്രദേശ്, നാഗാലാൻഡ്, മിസോറം സംസ്ഥാനങ്ങൾക്കും ബാധകമല്ല
മണിപ്പൂരിനും ബില്ല് ബാധകമല്ലെന്ന് അമിത് ഷാ പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്
ഇന്ത്യൻ പ്രവാസി പൗരത്വ കാർഡുള്ളവർ പൗരത്വ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിച്ചാൽ അവരെ വിശദമായി കേട്ടതിന് ശേഷം മാത്രമേ പൗരത്വം അസാധുവാക്കുകയുള്ളൂ.