jnu

ന്യൂഡൽഹി : ജെ.എൻ.യു വൈസ് ചാൻസലർ, രജിസ്ട്രാർ, മറ്റ് ഓഫീസ് ജീവനക്കാർ എന്നിവർക്ക് ജോലിക്കെത്താനായി ഇന്ന് മുതൽ കാമ്പസിൽ സുരക്ഷ ഒരുക്കാൻ ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. ഡൽഹി പൊലീസിനാണ് നിർദ്ദേശം. കാമ്പസിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉൾപ്പെട്ട ഫ്രീഡം സ്ക്വയറിൽ വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവരുന്ന പ്രതിഷേധങ്ങളെത്തുടർന്ന് ജോലിക്കെത്താൻ കഴിയുന്നില്ലെന്ന ജെ.എൻ.യു അധികൃതരുടെ പരാതിയിലാണിത്.

കാമ്പസിന്റെ സുഗമമായ പ്രവർത്തനം പൊലീസ് ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ചർച്ചകൾ നടത്തി പ്രശ്‌നം പരിഹരിക്കണം. ഇന്ന് സെമസ്റ്റർ പരീക്ഷകൾ തുടങ്ങാനിരിക്കെയാണ് കോടതിയുടെ നിർദ്ദേശം.

അതേസമയം, പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അധികൃതരും ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളും തമ്മിൽ ചർച്ച തുടരുകയാണ്.

ഫീസ് വർദ്ധനയെ തുടർന്ന് ഒരു മാസത്തിലേറെയായി ജെ.എൻ.യുവിൽ വിദ്യാർത്ഥികൾ സമരത്തിലാണ്. രണ്ട് തവണ ഫീസിൽ ഇളവ് വരുത്തിയെങ്കിലും ഫീസ് വർദ്ധന പൂർണമായി പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. 12ന് ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷ ബഹിഷ്‌കരിക്കുമെന്നും വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലയിലെ രണ്ട് പ്രൊഫസർമാർക്കെതിരെയുള്ള പീഡനപരാതികളും സംഘർഷാവസ്ഥ ഇരട്ടിയാക്കുന്നു. വിദ്യാർത്ഥിസമരത്തിന് ജെ.എൻ.യു അദ്ധ്യാപക സംഘടനയുടെ പിന്തുണയുണ്ട്.