ന്യൂഡൽഹി: പ്രായമായ രക്ഷിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണം മുൻനിറുത്തിയുള്ള വയോജന സംരക്ഷണ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക് സഭയിൽ അവതരിപ്പിച്ചു.
മുതിർന്നവർക്ക് ജീവനാംശവും വൃദ്ധസദനങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷനും നിർബന്ധമാക്കുന്ന ബിൽ സാമൂഹ്യനീതി മന്ത്രി താവർ ചന്ദ് ഗെലോട്ടാണ് അവതരിപ്പിച്ചത്. മാതാപിതാക്കളെന്ന നിർവചനത്തിൽ സ്വന്തം അച്ഛൻ, അമ്മ, ദത്തെടുത്ത അച്ഛൻ, അമ്മ, ഭാര്യയുടെ മാതാപിതാക്കൾ, ഭർത്താവിന്റെ മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി എന്നിവർ ഉൾപ്പെടും.
ബില്ലിലെ
വ്യവസ്ഥകൾ
ബോധപൂർവം അധിക്ഷേപിക്കലും, അവഗണിക്കലും ശിക്ഷാർഹം.
കുറ്റക്കാരായ മക്കൾ, ദത്തെടുത്ത മകളുടെ ഭർത്താവ്, മകന്റെ ഭാര്യ, പേരക്കുട്ടികൾ എന്നിവർക്ക് ആറു മാസം തടവ് , പതിനായിരം രൂപ പിഴ ശിക്ഷ
രക്ഷിതാക്കൾക്ക് അവകാശപ്പെടാവുന്ന ജീവനാംശ പരിധി ഒഴിവാക്കി. നേരത്തേയിത് പതിനായിരം.രൂപ.
ജീവനാംശത്തിൽ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, സുരക്ഷ എന്നിവ ഉൾപ്പെടും
ജീവനാംശം നൽകുന്നതിൽ വീഴ്ചയ്ക്ക് മക്കൾക്കും ബന്ധുക്കൾക്കും പിഴ ചുമത്താൻ ട്രൈബ്യൂണലിന് അധികാരം.
ഒരു മാസം അല്ലെങ്കിൽ ജീവനാംശം നൽകുന്നത് വരെ തടവ്
80 വയസിനു മുകളിലുള്ളവർ ജീവനാംശത്തിനും തുണയ്ക്കും വേണ്ടി ട്രൈബ്യൂണലിൽ അപേക്ഷ നൽകിയാൽ 60 ദിവസത്തിനുള്ളിൽ തീർപ്പ്
എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും നോഡൽ ഓഫീസർമാർ. ജില്ലാ തലത്തിൽ എസ്.പിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക യൂണിറ്റ്. സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം.
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മുതിർന്ന പൗരൻമാർക്ക് പ്രത്യേകം കിടക്ക
പരാതികൾ അറിയിക്കുന്നതിന് സംസ്ഥാനങ്ങളിൽ പ്രത്യേകം ഹെൽപ് ലൈൻ നമ്പർ