ന്യൂഡൽഹി: തിരഞ്ഞെടുത്ത തൊഴിൽ മേഖലകളിൽ തൊഴിലാളികളുടെ പ്രതിമാസ പ്രോവിഡന്റ് ഫണ്ട് വിഹിതം കുറയ്ക്കുന്നതടക്കമുള്ള വ്യവസ്ഥകളുള്ള സാമൂഹിക സുരക്ഷാ കോഡ് ബിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. മാസം കൈയിൽ കിട്ടുന്ന ശമ്പളത്തിന്റെ തോത് ഉയരുമെങ്കിലും ,വിരമിക്കൽ സമയത്ത് ലഭിക്കുന്ന ആനുകൂല്യത്തിൽ കാര്യമായ കുറവ് വരുത്തുന്ന വ്യവസ്ഥയിൽ .തൊഴിലാളി സംഘടനകൾ കടുത്ത എതിർപ്പ് ഉയർത്തിയിട്ടുണ്ട്.
തൊഴിലാളി നഷ്ടപരിഹാരം, ഇൻഷ്വറൻസ് , പ്രോവിഡന്റ് ഫണ്ട് , പ്രസാവാനുകൂല്യം, ഗ്രാറ്റിവിറ്റി , സിനി പ്രവർത്തക ക്ഷേമം, കെട്ടിടനിർമാണ തൊഴിലാളി , അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ എന്നീ എട്ട് തൊഴിൽ നിയമങ്ങൾ ലയിപ്പിച്ചാണ് സാമൂഹ്യ സുരക്ഷാ കോഡ് രൂപീകരിക്കുന്നത്. 44 തൊഴിൽ നിയമങ്ങൾ ലയിപ്പിച്ച് നാലു തൊഴിൽ കോഡുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
രാജ്യത്തെ 50 കോടി തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തലാണ് ലക്ഷ്യമെന്ന് ബിൽ അവതരിപ്പിച്ച് തൊഴിൽമന്ത്രി സന്തോഷ്‌കുമാർ ഗാംഗ്വാർ പറഞ്ഞു. എന്നാൽ , ബിൽ തൊഴിലാളി വിരുദ്ധവും അവകാശ നിഷേധവുമാണെന്ന് ബില്ലവതരണത്തെ എതിർത്ത എൻ.കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
പി,എഫ് വിഹിതം 9 ശതമാനമായി കുറയ്ക്കും
നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ജീവനക്കാരുടെ പി.എഫ് വിഹിതം, ഇത് 9 ശതമാനമാക്കിയേക്കും. തൊഴിൽ മേഖലകളെ അടിസ്ഥാനപ്പെടുത്തി നിരക്കിൽ വ്യത്യാസം വരും
തൊഴിലുടമ അടയ്‌ക്കേണ്ട പിഎഫ് വിഹിതം 12 ശതമാനമായി തുടരും
ഒരു വർഷം പൂർത്തിയാക്കിയ കരാർ ജീവനക്കാരന് ഗ്രാറ്റുവിറ്റി ലഭിക്കും. നിലവിൽ അഞ്ചു വർഷമായിരുന്നു
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെയും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷന്റെയും സ്വയംഭരണാധികാരം നിലനിറുത്തും
തൊഴിലാളികൾക്ക് പെൻഷൻ, ചികിത്സ, മരണാനന്തര സഹായം തുടങ്ങിയവയ്ക്കായി സാമൂഹിക സുരക്ഷാ ഫണ്ട്