ന്യൂഡൽഹി: വിവാദ പൗരത്വ ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെ പാർലമെൻറ് പാസാക്കി. 105ന് എതിരെ 125 വോട്ടുകൾക്കാണ് ഇന്നലെ രാജ്യസഭ ബിൽ പാസാക്കിയത്. 80നെതിരെ 311വോട്ടുകൾക്ക് കഴിഞ്ഞ ദിവസം ബിൽ ലോക്സഭ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും.
ഇതോടെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനത്തെ തുടർന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വർഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് വഴിയൊരുങ്ങും.
അതേസമയം മുസ്ലീം കുടിയേറ്റക്കാരെ പൗരത്വം നൽകുന്നതിൽ നിന്ന് ഒഴിവാക്കിയ നിയമ ഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചേക്കും.
ബില്ല് രാജ്യസഭാ സമിതിക്ക് വിടണമെന്ന് സി.പി.എമ്മിലെ കെ.കെ രാഗേഷിന്റെ ആവശ്യം 92നെതിരെ113 വോട്ടുകൾക്ക് തള്ളി. ഇടത് എം.പിമാരായ എളമരം കരീം, ബിനോയ് വിശ്വം എന്നിവരും സെലക്ട് കമ്മിറ്റി ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നെങ്കിലും ശബ്ദവോട്ടോടെ തള്ളി. എളമരം കരീം, കെ.കെ രാഗേഷ്, ബിനോയ് വിശ്വം, കെ.സോമപ്രസാദ്, ടി.കെ രംഗരാജൻ, മുസ്‌ലിംലീഗിലെ അബ്ദുൾ വഹാബ് തുടങ്ങിയവരുടെ ഭേദഗതികളും ശബ്ദവോട്ടോടെ തള്ളി.
ഏഴു മണിക്കൂറിലധികം നീണ്ട ചർച്ചയ്‌ക്കിടെ ഭരണപക്ഷവും പ്രതിപക്ഷവും പലതവണ ഏറ്റുമുട്ടി. കോൺഗ്രസിന്റെയും പാകിസ്ഥാൻ രാഷ്ട്രീയക്കാരുടെയും പ്രസ്താവനകൾ ഒരുപോലെയായത് യാദൃച്ഛികമാകാമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പരാമർശം കടുത്ത പ്രതിഷേധത്തിനിടയാക്കി. ബംഗ്ലാദേശിൽ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റം ഗുരുതര പ്രശ്നമാണെന്ന് ബംഗ്ലാൾ മുഖ്യമന്ത്രി മമത ബാനർജി മുൻപ് പറഞ്ഞിരുന്നതായി അമിത് ഷാ ചൂണ്ടിക്കാട്ടിയപ്പോൾ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറഞ്ഞ് തൃണമൂൽ അംഗങ്ങളും പ്രതിഷേധിച്ചു.
ലോക്ടസഭയിൽ ബില്ലിനെ അനുകൂലിച്ച ശിവേസന ( മൂന്ന് അംഗങ്ങൾ ) രാജ്യസഭയിൽ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഇറങ്ങിപോയി.
എൻ.ഡി.എ ഘടകകക്ഷികളായ ജെ.ഡി.യു, എൽ.ജെ.പി, അകാലിദൾ എന്നിവർക്കൊപ്പം എ.ഡി.എം.കെ, ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ്, ടി.ഡി.പി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അസം ഗണപരിഷത്ത്, ബി.പി.എഫ്, എൻ.പി.എഫ് കക്ഷികൾ പിന്തുണച്ചു
കോൺഗ്രസ്, സി.പി.എം, സി.പി.ഐ, തൃണമൂൽ, ഡി.എം.കെ, ടി.ആർ.എസ്, എസ്.പി, ബി.എസ്.പി, എ.എ.പി എതിർത്തു.
''പൗരത്വം എടുത്തുകളയാനല്ല, നൽകാനാണ് ഈ ബില്ല്. ഇന്ത്യയുടെ ഐക്യത്തെ കുറിച്ച് പ്രതിപക്ഷം എന്നെ പഠിപ്പിക്കണ്ട. ഞാൻ ഇവിടെയാണ് ജനിച്ചത്. ഇവിടെതന്നെ മരിക്കുകയും ചെയ്യും. ഇസ്ലാമിക രാജ്യങ്ങളിൽ മുസ്ലിങ്ങൾ ന്യൂനപക്ഷമല്ല. അതുകൊണ്ടാണ് ബില്ലിൽ ഉൾപ്പെടുത്താതിരുന്നത്.''
അമിത് ഷാ ആഭ്യന്തരമന്ത്രി
ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ മുറിവേൽക്കുന്നതാണ് ബിൽ - ആനന്ദ്ശർമ്മ
ഇന്ത്യ ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണ് - ഡെറിക് ഒബ്രിയാൻ
എന്തുകൊണ്ടാണ് ഈ മൂന്നുരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ മാത്രം തിരഞ്ഞെടുത്തത്. ശ്രീലങ്കയിലെ ഹിന്ദുക്കളെ എന്തിന് ഒഴിവാക്കി ? - പി.ചിദംബരം
ഇന്ത്യയിലെ ഒരു മുസ്ലീമിനും അമിത്ഷായെ ഭയമില്ല. രണ്ടു ദിനോസറുകൾ മാത്രമുള്ള ജുറാസിക് ഇന്ത്യയായി ഇന്ത്യൻ റിപ്പബ്ലിക്കിനെ മാറ്റരുത് - കപിൽ സിബൽ