justice-sirpurkar

ന്യൂഡൽഹി: ഹൈദരാബാദിൽ യുവഡോക്‌ടറെ മാനഭംഗപ്പെടുത്തി കൊന്ന് കത്തിച്ച കേസിലെ നാല് പ്രതികളെ പൊലീസ് ഏറ്റമുട്ടലിൽ കൊലപ്പെടുത്തിയത് അന്വേഷിക്കാൻ സുപ്രീംകോടതി മൂന്നംഗ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചു.

സുപ്രീംകോടതി മുൻ ജസ്റ്റിസ് വി.എസ്. സിർപുർകർ ആണ് കമ്മിഷൻ അദ്ധ്യക്ഷൻ. ബോംബെ ഹൈക്കോടതി മുൻ ജസ്റ്റിസ് രേഖ ബൽദോത്ത, മുൻ സി.ബി.ഐ ഡയറക്ടർ കാർത്തികേയൻ എന്നിവരാണ് കമ്മിഷനിലെ മറ്റ് അംഗങ്ങൾ. ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.

ഹൈദരാബാദിലാകണം സിറ്റിംഗുകൾ നടത്തേണ്ടത്. സിറ്റിംഗ് എന്ന് ആരംഭിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷന് തീരുമാനിക്കാം. കമ്മിഷൻ അംഗങ്ങൾക്ക് താമസിക്കാനും യാത്ര ചെയ്യാനും അന്വേഷണം സുഗമമായി നടത്താനും എല്ലാ പരിരക്ഷയും ഒരുക്കാൻ തെലങ്കാന സർക്കാരിന് നിർദ്ദേശം നൽകി കഴിഞ്ഞു. ഏറ്റമുട്ടൽ റിപ്പോർട്ട് ചെയ്‌ത പി.ടി.ഐ അടക്കമുള്ള മാദ്ധ്യമങ്ങളോടും പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയ്‌ക്കും റിപ്പോർട്ടുകളുടെ പകർപ്പ് ഹാജരാക്കാൻ സുപ്രീംകോടതി നോട്ടീസും അയച്ചു.

സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് തെലങ്കാന ഹൈക്കോടതിയിലും ദേശീയ മനുഷ്യാവകാശ കമ്മിഷനിലും ഉണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിർദേശം. ഏറ്റുമുട്ടൽ സംബന്ധിച്ച് വസ്തുനിഷ്ടമായ അന്വേഷണം ആവശ്യമാണ്. ജനങ്ങൾക്ക് വസ്തുതകൾ അറിയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്ഗിയാണ് തെലങ്കാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.

കൊല്ലപ്പെട്ട പ്രതികൾ പൊലീസിൽ നിന്ന് തോക്ക് തട്ടിയെടുക്കുകയും പൊലീസുകാർക്കെതിരെ കല്ലേറ് നടത്തുകയും ചെയ്തു. സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് വെടിവയ്പ് നടത്തിയതെന്നും മുകുൾ റോത്തഗി കോടതിയിൽ പറഞ്ഞു. സ്വതന്ത്രമായ അന്വേഷണത്തെ തെലങ്കാന സർക്കാർ എതിർക്കുന്നില്ലെന്നും ഹൈക്കോടതിയിലും മനുഷ്യവകാശ കമ്മിഷനും നിലവിൽ ഈ കേസിൽ അന്വേഷണം നടത്തുന്നുണ്ടെന്നും റോത്തഗി ചൂണ്ടിക്കാട്ടി.

ഏറ്റുമുട്ടലിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് ജി.എസ്. മണി, പ്രദീപ് കുമാർ എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. തെലങ്കാനയിൽ മൃഗഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളെയാണ് തെളിവെടുപ്പിനിടെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഡിസംബർ ആറിനായിരുന്നു സംഭവം.