ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചു. ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്‌ദുൽ വഹാബ്, പി.കെ. നവാസ് കനി എന്നിവർ നേരിട്ടാണ് ഹർജി നൽകിയത്.
മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിവില്ലാതെ നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്നുള്ള ഭരണഘടനയുടെ 14 അനുശ്ചേദത്തിന്റെ ലംഘനമാണിതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരായി ഒരു സർക്കാറിനും പ്രവർത്തിക്കാൻ സാധിക്കില്ല. പൗരത്വം കൊടുക്കുമ്പോൾ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിയാണ് നിയമം കൊണ്ടുവന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. ഇന്ന് മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നവർ നാളെ പ്രദേശത്തിന്റെയോ ഭാഷയുടെയോ പേരിൽ വിവേചനം കൊണ്ടു വന്നേക്കാമെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയുടെ നന്മ നശിപ്പിക്കുന്ന നടപടിയാണ് പൗരത്വ ഭേദഗതി ബില്ലെന്ന് ലീഗ് ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി. ഒരു വിഭാഗം ആളുകൾക്ക് നിയമപരിരക്ഷ ഇല്ലാതാക്കുന്ന ക്രൂരമായ അജണ്ടയാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹർജിക്കാർക്കായി കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ കോടതിയിൽ ഹാജരാകും. അഭിഭാഷകൻ ഹാരിസ് ബിരാനാണ് ഹർജി തയാറാക്കിയത്. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കളായ മനുഅഭിഷേക് സിംഗ്‌വി, പി. ചിദംബരം, മനീഷ് തിവാരി എന്നിവർ വ്യക്തമാക്കി.