supreme-court

ന്യൂഡൽഹി:അയോദ്ധ്യയിലെ തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് നൽകണമെന്ന നവംബർ ഒൻപതിലെ വിധിക്കെതിരെ മുസ്‌ലീം സംഘടനകളും മറ്റും സമർപ്പിച്ച പതിനെട്ട് റിവ്യൂ ഹർജികൾ സുപ്രീം കോടതി തള്ളി. ഇതോടെ തർക്കഭൂമിയായ 2.77 ഏക്കർ സ്ഥലം ബാലപ്രതിഷ്‌ഠയായ രാംലല്ലയ്‌ക്ക് വിട്ടുകൊടുക്കാനും അയോദ്ധ്യയിൽ മുസ്ലീം പള്ളി നിർമ്മാണത്തിന് അഞ്ച് ഏക്കർ ഭൂമി നൽകാനുമുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ വിധി നടപ്പാക്കാൻ കളമൊരുങ്ങി.

വലിയ രാഷ്‌ട്രീയ കോളിളക്കമുണ്ടാക്കുകയും സുദീർഘമായ നിയമയുദ്ധത്തിന് വഴിതെളിക്കുകയും ചെയ്‌ത രാമജന്മഭൂമി - ബാബ്‌റി മസ്ജിദ് തർക്കത്തിന് ഇതോടെ ശാശ്വത പരിഹാരമാവുകയാണ്.ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നലെ ചേംബറിൽ പരിഗണിച്ചാണ് റിവ്യൂ ഹർജികൾ തള്ളിയത്. റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന അപേക്ഷകളും കോടതി അംഗീകരിച്ചില്ല.

"പുനഃപരിശോധന ഹർജികളും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ചു.വിധി പുനഃപരിശോധിക്കാൻ ഒരു കാരണവും കണ്ടത്താനായില്ല. അതിനാൽ ഹർജികൾ തള്ളുന്നു. ഹ‌ർജികൾ തുറന്ന കോടതിയിൽ ലിസ്റ്റ് ചെയ്യണമെന്ന അപേക്ഷകളും തള്ളുന്നു " - സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ ഇന്നലെ ഉച്ചയ്‌ക്ക് 1.40 ന് ചേർന്ന ബെഞ്ച് രണ്ടര മണിക്കൂറോളം എടുത്താണ് ഹർജികൾ പരിഗണിച്ചത്. ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസ്‌മാരായ ഡി.വൈ. ചന്ദ്രചൂഢ്, അബ്ദുൾ നസീർ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിൽ ഉണ്ടായിരുന്നത്. തുറന്ന കോടതിയിൽ ഹർജികൾ കേൾക്കണമോ എന്നതാണ് ആദ്യം പരിഗണിച്ചത്. നേരത്തെ ഉന്നയിക്കാത്ത പുതിയ വാദങ്ങൾ പുനഃപരിശോധനാ ഹർജിയിലുണ്ടോ എന്നാണ് പിന്നീട് പരിശോധിച്ചത്. പുതിയ വാദങ്ങളില്ലെന്ന് കണ്ടെത്തിയാണ് ഹർജികൾ തള്ളിയത്.

ഇനി തിരുത്തൽ

ഹർജി മാത്രം

അവസാന ശ്രമമായി ഹർജിക്കാർക്ക് തിരുത്തൽ ( ക്യൂറേറ്റിവ് ) ഹർജി നൽകാം. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അഞ്ചംഗ ബെഞ്ച് ചേംബറിലാവും അതും പരിഗണിക്കുക. തിരുത്തൽ ഹർജികൾ വിജയിക്കാൻ സാദ്ധ്യതയില്ല.

ഹർജിക്കാർ

അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡിനു വേണ്ടി വിവിധ വ്യക്തികളും ജം ഇയ്യത്തുൽ ഉലമാ ഹിന്ദും ഹർജി നൽകിയിരുന്നു. ഇർഫാൻ ഹബീബ് അടക്കം 40 സാമൂഹ്യപ്രവർത്തകരുടെ ഹർജിയും ഉണ്ടായിരുന്നു.

ഹിന്ദുവിശ്വാസങ്ങൾ അനുസരിച്ചാണ്​ സുപ്രീംകോടതി വിധിയെന്നും മതേതര തത്വങ്ങൾ പരിഗണിച്ചില്ലെന്നും അതിനാൽ വിധി പുനഃപരിശോധിക്കണമെന്നുമായിരുന്നു മുസ്​ലിം വ്യക്തി നിയമ ബോർഡിന്റെ വാദം.

കഴിഞ്ഞ മാസം 9ന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് 2.77 ഏക്കർ തർക്കഭൂമി ക്ഷേത്രനിർമ്മാണത്തിന് നൽകാനും മുസ്ലീം പള്ളി നിർമ്മിക്കാൻ അഞ്ച് ഏക്കർ സ്ഥലം സുന്നി വഖഫ് ബോർഡിന് നൽകാനും വിധിച്ചത്. ചീഫ് ജസ്റ്റിസ് ഗോഗോയി റിട്ടയ‌ർ ചെയ്‌തതിനാൽ പകരം ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് റിവ്യൂ ബെഞ്ചിൽ വന്നത്.