ന്യൂഡൽഹി: പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷപാർട്ടികൾ സംയുക്തമായി 19ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. മതനിരപേക്ഷതയ്ക്ക് വിരുദ്ധമായ ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എൽ, ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി എന്നീ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. എല്ലാ പാർട്ടി ഘടകങ്ങളും 19ന് ജനകീയ പ്രതിഷേധങ്ങൾ നടത്തണം.
പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബിൽ വ്യക്തിയുടെ മതവുമായി ബന്ധപ്പെടുത്തി പൗരത്വം നിർണയിക്കുന്നതാണ്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യരാജ്യം എന്ന അടിത്തറ തകർക്കുന്നതാണ് ബില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.