parilament

പട്ടികവിഭാഗ സംവരണം നീട്ടാനുള്ള ബിൽ പാർലമെൻറ് പാസാക്കി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും പട്ടികജാതി-പട്ടികവർഗ സംവരണം പത്തു വർഷത്തേക്ക് കൂടി നീട്ടുന്ന ഭരണഘടനാഭേദഗതി പാർലമെൻറ് പാസാക്കി. കഴിഞ്ഞദിവസം ലോക്സഭ പാസാക്കിയ ബിൽ ഏകകണ്ഠമായാണ് രാജ്യസഭ പാസാക്കിയത്.

എസ്.സി, എസ്.ടി സംവരണം 2020 ജനുവരി 25ന് അവസാനിക്കാനിരിക്കെയാണ് 2030 വരെ നീട്ടുന്ന ബിൽ കൊണ്ടുവന്നത്.

അതേസമയം സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണ കാലാവധിയും 2020 ജനുവരി 25ന് തീരും. ആംഗ്ലോ ഇന്ത്യൻ സംവരണം അവസാനിപ്പിക്കുമെന്ന് തന്നെയാണ് സൂചന. ലോക്‌സഭയിൽ ആംഗ്ലോ ഇന്ത്യൻ വംശജർക്ക് രണ്ട് സീറ്റാണ് സംവരണം. ഈ ലോക്സഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ ഇതുവരെ നോമിനേറ്റ് ചെയ്തിട്ടില്ല. രാജ്യത്തെ ആംഗ്ലോ ഇന്ത്യക്കാരുടെ എണ്ണം 296 മാത്രമാണെന്നാണ് കേന്ദ്രം അവകാശപ്പെട്ടത്.
രാജ്യസഭയിലും ബില്ലിനെ പ്രതിപക്ഷം അനുകൂലിച്ചെങ്കിലും സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം അവസാനിപ്പിക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ടു.

എസ്.സി - എസ്.ടി സംവരണത്തിൽ ക്രീമിലെയർ മാനദണ്ഡം കൊണ്ടുവരില്ലെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.സായുധസേനകളിലും വിദ്യാഭ്യാസമേഖലകളിലും ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ സർക്കാർ മാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ആംഗ്ലോ ഇന്ത്യൻ സംവരണം അവസാനിപ്പിക്കരുതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. സംവരണം ഒഴിവാക്കുന്നത് അനീതിയാണെന്ന് തൃണമൂൽ എം.പിയും ആംഗ്ലോ ഇന്ത്യൻ വംശജനുമായ ഡെറിക് ഒബ്രിയാൻ ചൂണ്ടിക്കാട്ടി. ആംഗ്ലോ ഇന്ത്യൻ സമൂഹത്തെ ഒഴിവാക്കരുതെന്ന് സി.പി.എമ്മിലെ കെ.കെ രാഗേഷ് പറഞ്ഞു. സി.പി.ഐയിലെ ബിനോയ് വിശ്വം തുടങ്ങിയവർ സംസാരിച്ചു.