nirbhaya-case

ന്യൂഡൽഹി:നിർഭയ കേസിലെ പ്രതികളുടെ ശിക്ഷ വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ അമ്മ സമർപ്പിച്ച ഹർജി ഈ മാസം 18ന് മാറ്റി.

വധശിക്ഷയ്‌ക്കെതിരെ പ്രതികളിൽ ഒരാളായ അക്ഷയ് താക്കൂർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജി 17ന് പരിഗണിക്കും. ശേഷം അമ്മയുടെ ഹർജി പരിഗണിക്കാമെന്നാണ് ഡൽഹി കോടതി വ്യക്തമാക്കിയത്. അക്ഷയ് താക്കൂറിന്റെ റിവ്യൂ ഹർജി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയിലാണ് പരിഗണിക്കുക. മറ്റു പ്രതികളുടെ റിവ്യൂ ഹർജികൾ സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു.

നിർഭയയുടെ അമ്മയുടെ ഹർജിയിൽ പ്രതികളെ വീഡിയോ കോൺഫറൻസിലൂടെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. പാട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കിയത്. പ്രതിയുടെ റിവ്യൂ ഹർജി പരിഗണിക്കുന്നതിന് മുമ്പായി തന്റെ ഭാഗം കൂടി കേൾക്കണമെന്ന നിർഭയയുടെ അമ്മയുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ഇതിന് പ്രത്യേകം ഹർജി സമർപ്പിക്കാനും നിർദ്ദേശിച്ചു.
2012 ഡിസംബർ 16നാണ് ഡൽഹിയിൽ ഓടുന്ന ബസിൽ പെൺകുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് കേസിലെ പ്രതികൾ. വിചാരണ കാലയളവിൽ രാംസിങ് ആത്മഹത്യ ചെയ്തിരുന്നു. പ്രായ പൂർത്തിയാകാത്ത പ്രതി 2015ൽ മോചിതനായി.

''ഏഴു വർഷമായി ഞാൻ നീതിക്കായി പേരാടുകയാണ്. ഇനിയും കാത്തിരിക്കാൻ ആകില്ല. എന്റെ ഹർജി പരിഗണിച്ച് ഡിസംബർ 18ന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ട് പുറപ്പെടുവിക്കണം. വിധി നടപ്പാക്കാൻ ഏതറ്റം വരെയും പോകും''

- ആശാദേവി

നിർഭയയുടെ അമ്മ