rahul

ന്യൂഡൽഹി: രാജ്യത്തെ സ്ത്രീപീഡനങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മേക്ക് ഇൻ ഇന്ത്യ' ആശയത്തെ അപഹസിച്ച് നടത്തിയ 'റേപ് ഇൻ ഇന്ത്യ' പരാമർശം വിവാദമായി. ഇതിന് രാഹുൽ മാപ്പ് പറയണമെന്ന് ബി. ജെ. പി ആവശ്യപ്പെട്ടു. മാപ്പ് പറയില്ലെന്ന് പ്രഖ്യാപിച്ച രാഹുൽ, ഡൽഹി മാനഭംഗത്തിന്റെ തലസ്ഥാനമാണെന്ന് മുൻപ് പ്രസംഗിച്ച മോദിയാണ് മാപ്പ് പറയേണ്ടതെന്ന് തിരിച്ചടിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇന്നലെ പാർലമെന്റിൽ ഉന്നയിക്കപ്പെടാതിരിക്കാൻ രാഹുലിന്റെ പരാമർശം ബി. ജെ. പി കൗശലപൂർവം ഉപയോഗിക്കുകയും ചെയ്‌തു.

വ്യാഴാഴ്‌ച ജാർഖണ്ഡിലെ റാലിയിലായിരുന്നു രാഹുലിന്റെ റേപ് ഇൻ ഇന്ത്യ പരാമർശം.

'മോദി പറയുന്നത് 'മേക്ക് ഇൻ ഇന്ത്യ' എന്നാണ്. എന്നാലിപ്പോൾ എവിടെയും 'റേപ് ഇൻ ഇന്ത്യ'യാണ്. എല്ലാ സംസ്ഥാനങ്ങളിലും എല്ലാദിവസും പീഡനങ്ങളാണ്. ഉത്തർപ്രദേശിൽ ബി.ജെ.പി എം.എൽ.എ (കുൽദീപ് സിംഗ് സെൻഗാർ) യുവതിയെ മാനഭംഗപ്പെടുത്തി. അവരെ അപകടത്തിൽപ്പെടുത്തി. അതേക്കുറിച്ച് ഒരു വാക്കും മോദി പറഞ്ഞില്ല. ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ (പെൺകുട്ടികളെ പഠിപ്പിക്കൂ, സംരക്ഷിക്കൂ) എന്നാണ് മോദി പറയുന്നത്. ആരിൽ നിന്നാണ് പെൺകുട്ടികളെ രക്ഷിക്കേണ്ടത്. ബി.ജെ.പി എം.എൽ.എമാരിൽ നിന്നോ? - ഇങ്ങനെയായിരുന്നു രാഹുലിന്റെ പ്രസംഗം.

രാഹുൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാർലമെന്റ് ഇന്നലെ ഭരണപക്ഷ പ്രതിഷേധത്തിൽ മുങ്ങി. ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ പൗരത്വഭേദഗതി ബില്ലിനെതിരായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളിക്കത്തുന്ന പ്രതിഷേധം സഭയിലെത്താതെ വഴിത്തിരിച്ചുവിടാനുള്ള ഭരണപക്ഷത്തിന്റെ ആസൂത്രിത നീക്കമായിരുന്നു ഇത്.

'വരൂ ഇന്ത്യയിലെത്തി വനിതകളെ മാനഭംഗം ചെയ്യൂ' എന്ന ആഹ്വാനമാണെന്ന് ആക്ഷേപിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയാണ് ലോക്‌സഭയിൽ രാഹുലിനെ വിമർശിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു നേതാവ് ഇങ്ങനെ പറയുന്നത്. രാഹുലിനെതിരെ നടപടി വേണമെന്നും സ്മൃതി ഇറാനി പറഞ്ഞു.

മറുപടി പറയാൻ രാഹുൽ ഗാന്ധിക്ക് സ്പീക്കർ ഓംബിർള അവസരം നൽകിയില്ല. സഭ പിരിഞ്ഞതിന് ശേഷം സ്പീക്കറുടെ ചേംബറിലെത്തി രാഹുൽ പ്രതിഷേധിച്ചു. പിന്നീട് പാർലമെന്റിന് പുറത്ത് മാദ്ധ്യമങ്ങളോടാണ് മാപ്പുപറയില്ലെന്ന് രാഹുൽ വ്യക്തമാക്കിയത്.തുടർന്ന് ട്വിറ്ററിലൂടെ മോദി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

മാനഭംഗത്തെ രാഷ്ട്രീയ ആയുധമാക്കിയെന്ന് കാട്ടി രാഹുലിനെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

 രാഹുലിനൊപ്പം കനിമൊഴി

ലോക്‌സഭയിൽ പാർലമെന്ററി കാര്യസഹമന്ത്രി അർജുൻ റാം മേഘ്‌വാളും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും രാഹുലിനെ വിമർശിച്ചു. ഡി.എം.കെ എം.പി കനിമൊഴി രാഹുലിനെ പ്രതിരോധിച്ച് സംസാരിച്ചു. ബഹളത്തിനിടെ പ്രധാനമന്ത്രി മോദി എത്തിയെങ്കിലും വൈകാതെ ലോക്‌സഭ പിരിഞ്ഞു.

രാജ്യസഭയിലും പ്രതിഷേധം

രാജ്യസഭയിൽ പൗരത്വബില്ലിനെതിരായ പ്രതിഷേധം കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ ഉന്നയിച്ചതിന് പിന്നാലെ നർത്തകി സോണാൽ മാൻസിംഗ് രാഹുലിന്റെ പരാമർശം ഉന്നയിച്ചു. ബി.ജെ.പി എം.പിമാർ രാഹുലിനെതിരെ മുദ്രാവാക്യം വിളിച്ചു.

മോദി മാപ്പുപറയണം.

1. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സംഘർഷത്തിന് തീ കൊളുത്തിയതിന്

2. ഇന്ത്യയുടെ സാമ്പത്തിക രംഗം തകർത്തതിന്.

3. ഡൽഹിയെ മാനഭംഗ തലസ്ഥാനം എന്നുവിളിച്ചതിന്.

യു.പി.എ കാലത്ത് മോദി ഡൽഹിയെ 'റേപ്പ് ക്യാപിറ്റൽ" എന്ന് വിളിച്ച പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ച് രാഹുൽ ട്വീറ്റ് ചെയ്തു.