മലയാളി മാദ്ധ്യമപ്രവർത്തകർക്ക് സാരമായ പരിക്ക്
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളും പൊലീസും രണ്ടു മണിക്കൂറോളം ഏറ്റുമുട്ടി. ഏറ്റമുട്ടലിൽ മലയാളി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ പരിക്കേറ്റു. സംഘർഷത്തിനിടെ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ ധനേഷ് രവീന്ദ്രൻ, ക്യാമറാമാൻ വസിം സെയ്ദി എന്നിവർക്കും പരിക്കേറ്റു. വസിമിന്റെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്. ഇരുവരും ചികിത്സയിലാണ്.
ക്യാമ്പസിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ചിന് വന്ന വിദ്യാർത്ഥികൾ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശികണ്ണീർ വാതകം പ്രയോഗിച്ചു. വിദ്യാർത്ഥികൾ കല്ലെറിഞ്ഞതോടെ കാമ്പസിൽ കയറിയ പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചു. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ ബദർപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സർവകലാശാലയിലെ അദ്ധ്യാപക അസോസിയേഷൻ ആഹ്വാനം ചെയ്ത മാർച്ചിൽ വിദ്യാർത്ഥികളും അണിചേരുകയായിരുന്നു. അദ്ധ്യാപകർ പൊലീസുമായി ചർച്ച നടത്തിയതോടെയാണ് സംഘർഷത്തിന് അവസാനമായത്. പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യാഴാഴ്ച ക്യാമ്പസിൽ ബില്ലിന്റെ പകർപ്പുകൾ കത്തിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന് സമീപത്തെ പട്ടേൽചൗക്ക്, ജനപഥ് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. ജാമിയയിൽ നിന്നു സുകേന്ദു വിഹാർ വരെയും മധുര റോഡിൽ നിന്നു സരായ് ജുലൈന വരെയുമുള്ള റോഡിലെ ഗതാഗതവും തടഞ്ഞു.