leela

ന്യൂഡൽഹി:ചെന്നൈയിലെ പ്രശസ്‌തമായ കലാക്ഷേത്ര ഫൗണ്ടേഷന്റെ കൂത്തമ്പലം ഓ‌ഡിറ്റോറിയം നവീകരണത്തിലെ ക്രമക്കേടിൽ പ്രശസ്ത ഭരതനാട്യം നർത്തകിയും പത്മശ്രീ ജേതാവുമായ ലീല സാംസണിനെതിരെ അഴിമതിക്കും വിശ്വാസവഞ്ചനയ്‌ക്കും സി.ബി.ഐ കേസെടുത്തു. ലീല സാംസൺ കലാക്ഷേത്ര ഡയറക്ടറായിരിക്കെ 2010ൽ നടപ്പാക്കിയ 7.02 കോടി രൂപയുടെ പദ്ധതിയിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

1993മുതൽ കേന്ദ്രസാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കലാക്ഷേത്ര. മന്ത്രാലയത്തിന്റെ വലിയ ഫണ്ട് ലഭിക്കുന്നുണ്ട്.

ഫൗണ്ടേഷൻ മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫീസർ ടി.എസ്.മൂർത്തി, അക്കൗണ്ട്‌സ് ഓഫീസർ എസ്.രാമചന്ദ്രൻ, എൻജിനീയറിംഗ് ഓഫീസർ വി.ശ്രീനിവാസൻ, നവീകരണത്തിന് കരാർ ലഭിച്ച സെൻറർ ഫോർ ആർകിടെക്ചറൽ റിസർച്ച് ആൻഡ് ഡിസൈൻ (കാർഡ് ) കമ്പനി ഉടമ രവി നീലകണ്ഠൻ എന്നിവർക്കെതിരെയും കേസുണ്ട്.

യു.പി.എ സർക്കാർ കാലത്ത് ഉന്നതപദവികൾ വഹിച്ച ലീല സാംസൺ 2005 മേയ് മുതൽ 2012 ഏപ്രിൽ വരെയാണ് കലാക്ഷേത്ര ഡയറക്ടറായത്. നവീകരണ ക്രമക്കേട് വിവാദത്തെതുടർന്ന് 2012ൽ രാജിവച്ചു. കലാക്ഷേത്രത്തിലെ പൂർവ വിദ്യാർത്ഥികൂടിയാണ്. കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധിയുടെ നൃത്ത ഗുരുവാണ്. മണിരത്നത്തിന്റെ ഒ.കെ കൺമണി സിനിമയിൽ അൽഷിമേഴ്സ് രോഗിയായ ഭവാനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആരോപണം

എസ്റ്റിമേറ്റായ 7.02 കോടിയേക്കാൾ 62.20 ലക്ഷം അധികം ചെലവഴിച്ചു

കരാർ നൽകിയത് ഉയർന്ന തുകയ്ക്ക്

ഓപ്പൺ ടെൻഡർ സ്വീകരിച്ചില്ല

 നവീകരണം ഭരണസമിതിയുടെയും ഫിനാൻസ് സമിതിയുടെയും അനുമതിയില്ലാതെ

അന്വേഷണം ഇതുവരെ

2012ൽ സാംസ്കാരിക മന്ത്രാലയത്തിന്റെ വിജിലൻസിന് പരാതി

കേന്ദ്ര പി. ഡബ്ലിയു.ഡി സംഘം നവീകരണ ജോലികൾ പരിശോധിച്ചു.

അധിക തുക ചെലവഴിച്ചതടക്കം ക്രമക്കേടുകൾ കണ്ടെത്തി

നവീകരണം ഭരണസമിതിയുടെ അനുമതി ഇല്ലാതെയെന്ന് 2015ൽ സി.എ.ജി കണ്ടെത്തി

2017 മേയ് 31ന് കേന്ദ്രസാംസ്‌കാരിക മന്ത്രാലയം സി.ബി.ഐക്ക് പരാതി നൽകി

അംഗീകാരം, പദവികൾ

1990ൽ പദ്മശ്രീ

 2011 -15 കേന്ദ്ര സെൻസർ ബോർഡ് അദ്ധ്യക്ഷ

2010 -14 - കേന്ദ്രസംഗീത നാടക അക്കാഡമി അദ്ധ്യക്ഷ

2005 -2012 കലാക്ഷേത്ര ഫൗണ്ടേഷൻ ഡയറക്ടർ