രൂക്ഷവിമർശനവുമായി ബി. ജെ. പിയും ശിവസേനയും

ന്യൂഡൽഹി:പ്രധാനമന്ത്രി മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ'യെ കളിയാക്കി 'റേപ് ഇൻ ഇന്ത്യ' എന്ന് പ്രയോഗിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അതിന്റെ തുടർച്ചയായി സംഘപരിവാറിന്റെ സൈദ്ധാന്തിക വിഗ്രഹമായ വീർ സവർക്കറെ പരിഹസിച്ചത് വിവാദമായി. സവർക്കറെ അവഹേളിച്ചു എന്നാരോപിച്ച് ബി. ജെ. പിയും

മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേനയും രാഹുലിനെ രൂക്ഷമായി വിമർശിച്ചു.

റേപ്പ് ഇൻ ഇന്ത്യ പരാമർശത്തെിന് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന്

ബി. ജെ. പി ആവശ്യപ്പെട്ടിരുന്നു. മാപ്പ് പറയാൻ ഞാൻ രാഹുൽ സവർക്കറല്ല എന്നാണ് ഇന്നലെ രാഹുൽ ഗാന്ധി തിരിച്ചടിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് സവർക്കർ ബ്രിട്ടീഷ് അധികാരികൾക്ക് മാപ്പെഴുതി നൽകി ജയിൽ മോചിതനായതിനെ ഓർമ്മിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. മാപ്പ് പറയണമെന്നാണ് ബി.ജെ.പി എന്നോട് ആവശ്യപ്പെടുന്നത്. എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല. ഞാൻ രാഹുൽ ഗാന്ധിയാണ്. സത്യം പറഞ്ഞതിന്റെ പേരിൽ മരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ സത്യം പറഞ്ഞതിന് ഞാൻ ഒരിക്കലും മാപ്പുപറയില്ല - രാഹുൽ പറഞ്ഞു.

ഡൽഹി രാംലീല മൈതാനത്ത് ഭാരത് ബച്ചാവോ മഹാറാലിയിലാണ് രാഹുൽ പുതിയ വിവാദം കൂടുതുറന്നു വിട്ടത്.

മഹാരാഷ്‌ട്രയിൽ എൻ. സി. പിക്കൊപ്പം കോൺഗ്രസിനെയും സഖ്യകക്ഷിയാക്കി ഭരണത്തിലേറിയ ശിവസേനയ്‌ക്ക് രാഹുലിന്റെ സവർക്കർ പ്രയോഗം കല്ലുകടിയായി. ബി. ജെ. പിയുടെ പഴയ സഖ്യകക്ഷിയും കടുത്ത ഹിന്ദുത്വ പാർട്ടിയുമായ ശിവസേന കോൺഗ്രസിന് ശക്തമായ സന്ദേശം നൽകുന്ന രീതിയിലാണ് പ്രതികരിച്ചത്.

സവർക്കറെ അവഹേളിക്കരുത്:ശിവസേന

വീർസവർക്കറെ ആദരിക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന് ശിവസേനയുടെ

രാജ്യസഭാംഗം സഞ്ജയ് റൗട്ട് ട്വിറ്ററിൽ പറഞ്ഞു. വീർ സവർക്കർ മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിന്റെ മൊത്തം അഭിമാന പ്രതീകമാണ്. സവർക്കർ എന്ന പേര് ആത്മാഭിമാനത്തിന്റെയും ദേശാഭിമാനത്തിന്റെയും പ്രതീകമാണ്. ഗാന്ധിജിയെയും നെഹ്രുവിനെയും പോലെ സവർക്കറും രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണ്. അങ്ങനെയുള്ള എല്ലാ മഹാത്മാക്കളെയും ആദരിക്കണം.

'രാഹുൽ ജിന്ന'യാണ് ചേരുന്നത് : ബി.ജെ.പി

മുസ്ളിം പ്രീണന രാഷ്ട്രീയം കളിക്കുന്ന രാഹുലിന് കൂടുതൽ ചേരുക രാഹുൽ ജിന്ന എന്ന പേരാണെന്ന് ബി.ജെ.പി വക്താവ് ജി.എൽ.നരസിംഹറാവു തിരിച്ചടിച്ചു.

സവർക്കർ നിലകൊണ്ടത് ദേശസ്നേഹത്തിനും ധീരതയ്ക്കും ത്യാഗത്തിനും വേണ്ടിയായിരുന്നു. രാഹുൽ ഗാന്ധിക്ക് ഒരിക്കലും സവർക്കറാകാൻ കഴിയില്ല. ആർട്ടിക്കിൾ 370, സർജിക്കൽ സ്ട്രൈക്ക്, പൗരത്വബിൽ തുടങ്ങിയ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ രാഹുലിന് പാകിസ്ഥാന്റെ ഭാഷയാണ്.