ന്യൂഡൽഹി: പുതിയ പൗരത്വ നിയമം ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുന്നതാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. രാംലീല മൈതാനയിൽ കോൺഗ്രസിന്റെ ഭാരത് ബച്ചാവോ ( ഭാരതത്തെ രക്ഷിക്കൂ) റാലിയിൽ സംസാരിക്കുകയായിരുന്നു സോണിയ.
ബി.ജെ.പിക്ക് പാർലമെൻറിനെയോ ഭരണഘടനാ സ്ഥാപനങ്ങളെയോ ബഹുമാനമില്ല. ജനങ്ങളെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയുമാണ് അവരുടെ അജൻഡ. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാൻ എന്തും ത്യജിക്കാൻ കോൺഗ്രസ് സന്നദ്ധമാണ്.അവസാനം വരെ ഇന്ത്യൻ ജനാധിപത്യത്തിനായി പോരാടുമെന്നും സോണിയ പറഞ്ഞു.
മോദിക്കോപ്പം വർദ്ധിച്ചത് ഉള്ളിവില:പ്രിയങ്ക
മോദി വന്നപ്പോൾ ഉള്ളിവിലയും തൊഴിലില്ലായ്മയും മാത്രമാണ് വർദ്ധിച്ചതെന്ന് മോദിക്കൊപ്പം സാദ്ധ്യതകളും വർദ്ധിക്കുന്നുവെന്ന ബി.ജെ.പി.പ്രചാരണത്തെ കളിയാക്കി കോൺഗ്രസ് ജനറൽസെക്രട്ടറി പ്രിയങ്കഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ ശബ്ദമുയർത്തേണ്ട സമയമാണിത്. മോദിസർക്കാരിനെതിരെ ഐക്യത്തോടെ നിൽക്കണം. ഇപ്പോൾ അതു ചെയ്തില്ലെങ്കിൽ അംബേദ്കർ നിർമ്മിച്ച ഇന്ത്യൻ ഭരണഘടനയെ മോദി സർക്കാർ ഇല്ലാതാക്കുമെന്നും പ്രിയങ്ക പറഞ്ഞു.
അടുത്തിടെ കോൺഗ്രസ് നടത്തിയ ഏറ്റവും വലിയ റാലിയാണിത്. പ്രവർത്തകർ മൈതാനം നിറഞ്ഞ് പുറത്തേക്കൊഴുകി. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് ,എ.കെ ആൻറണി, കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പി.സി ചാക്കോ, ഷാനിമോൾ ഉസ്‌മാൻ, പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.