jamia-milia-
JAMIA MILIA

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ അസാമിലും ബംഗാളിലും മറ്റും കത്തിപ്പടർന്ന പ്രതിഷേധം ഇന്നലെ ദക്ഷിണ ഡൽഹിയിൽ തെരുവു യുദ്ധമായി ആളിക്കത്തി. പ്രശസ്‌തമായ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല,​ വിദ്യാർത്ഥികളുടെയും പൊലീസിന്റെയും പോർക്കളമായി.

പൊലീസ് അനുവാദമില്ലാതെ കാമ്പസിൽ കയറി പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും തല്ലിച്ചതച്ചതായും ലൈബ്രറിയും പള്ളിയും മറ്റും തകർത്തതായും റബ്ബർബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചതായും ആരോപണമുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. നൂറിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു.

കാമ്പസിനു പുറത്ത് പ്രതിഷേധക്കാർ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ നാല് ബസുകൾക്ക് തീയിട്ടു. യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബൈക്കിൽ നിന്ന് എടുത്ത പെട്രോൾ ബസുകളിൽ ഒഴിച്ച് കത്തിക്കുകയായിരുന്നു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും കത്തിച്ചു. അഗ്‌നിശമനസേനയുടെ രണ്ടു വാഹനങ്ങളും തകർത്തു. രാത്രി വൈകി ഡൽഹി പൊലീസ് ആസ്ഥാനത്ത് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

ജാമിയയിലെ വിദ്യാർത്ഥകൾ സന്നദ്ധപ്രവർത്തകർക്കും നാട്ടുകാർക്കുമൊപ്പം നടത്തിയ റാലിയാണ് അഞ്ച് മണിക്കൂറോളം നീണ്ട അക്രമത്തിൽ കലാശിച്ചത്. ആയിരക്കണക്കിന് പേരാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്.

പൗരത്വ നിയമത്തിനെതിരെ മൂന്നു ദിവസമായി ജാമിയ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ സർവകലാശാലയിൽ നിന്ന് നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമാവുകയും ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ഒരാഴ്ചത്തേയ്ക്ക് സർവകലാശാല അടച്ചിട്ടെങ്കിലും വിദ്യാർത്ഥികൾ കാമ്പസിൽ തന്നെ തങ്ങി സമരം തുടരുകയായിരുന്നു.

ഇന്നലെ വൈകിട്ട് നാലുമണിയോടെ ജാമിയയിൽ നിന്ന് ജന്ദർ മന്ദറിലേക്ക് ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ നടത്തിയ റാലി ഒരു കിലോമീറ്റർ അകലെ പൊലീസ് തടഞ്ഞതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഡൽഹി - മഥുര റോഡിൽ പ്രക്ഷോഭകർ വാഹനങ്ങൾ തടഞ്ഞു. കല്ലേറ് രൂക്ഷമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു.

അതേസമയം,​ ഇന്നലത്തെ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടില്ലെന്ന് വിദ്യാർത്ഥി യൂണിയൻ നേതാക്കളും യൂണിവേഴ്‌സിറ്റി അധികൃതരും വാർത്താകുറിപ്പിറക്കി. വിദ്യാർത്ഥി റാലിയുടെ സമയത്തുതന്നെ

ആം ആദ്മി എം.എൽ.എയുടെയും മറ്റും നേതൃത്വത്തിലും സമരം നടന്നിരുന്നു. ഇവരിൽ നിന്നു നുഴഞ്ഞുകയറിയവരാണ് അക്രമം നടത്തിയതെന്നാണ് ആക്ഷേപം.

ഡൽഹി നിശ്ചലം

ദക്ഷിണഡൽഹി മേഖലയിൽ ഇന്നലെ ഗതാഗതം നിശ്ചലമായി. പല കേന്ദ്രങ്ങളിലും ഗതാഗതം നിർത്തിവയ്‌ക്കുകയും വഴിതിരിച്ചുവിടുകയും ചെയ്‌തു. ജാമിയ, സുഖ്ദേവ് വിഹാർ, ഓഖ്‌ല വിഹാർ, ജസോള വിഹാർ, ആശ്രാം എന്നീ അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു.