ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി രാംസിംഗ് തൂങ്ങി മരിച്ചതല്ലെന്ന വിവാദ വെളിപ്പെടുത്തലുമായി തിഹാർ ജയിൽ മുൻ നിയമ ഓഫീസർ സുനിൽ ഗുപ്ത.
'ബ്ലാക്ക് വാറന്റ് കൺഫഷൻസ് ഒഫ് എ തിഹാർ ജയിലർ" എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിർഭയ മരിച്ചിട്ട് ഇന്ന് ഏഴു വർഷം തികയുന്നതിനിടെയാണ് ജയിലറുടെ പുസ്തകം ചർച്ചയാകുന്നത്.
''ജയിൽ ഐ.ജിയായിരുന്ന വിമൽ മെഹ്റയെ ആ കേസ് വല്ലാതെ തളർത്തിയിരുന്നു. അവർ കരഞ്ഞു. പ്രതികളെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റാൻ അവർ സമ്മതിച്ചില്ല. ആരെങ്കിലും പ്രതികളെ കൊലപ്പെടുത്തിയാലോ എന്ന് ചോദിച്ചപ്പോൾ 'അവർ ചെയ്യട്ടെ, അതുകൊണ്ട് നിങ്ങൾക്കെന്ത് പറ്റാൻ' എന്നായിരുന്നു മെഹ്റയുടെ മറുപടി."
പുസ്തകത്തിലെ ഈ ഭാഗമാണ് ചർച്ചയാകുന്നത്.
5 പ്രതികളെ ജയിലിലടച്ച് 3 മാസത്തിന് ശേഷം 2013 മാർച്ച് 11നാണ് രാം സിംഗ് തൂങ്ങിമരിച്ചത്. 5 പേർ താമസിക്കുന്ന സെല്ലിൽ മറ്റുള്ളവർ അറിയാതെ ഒരാൾ എങ്ങനെ മരിക്കുമെന്ന് സുനിൽ ചോദിക്കുന്നു. മരിച്ച രാംസിംഗിന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. കൈയ്ക്ക് സ്വാധീനമില്ലാത്ത രാംസിംഗ് 12 അടി ഉയരത്തിൽ കുരുക്കിട്ടത് എങ്ങനെ തുടങ്ങിയ നിരവധി സംശയങ്ങളാണ് സുനിൽ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നത്.
നിർഭയയെ ആക്രമിച്ചതെന്തിനാണെന്ന ചോദ്യത്തിന്
'നല്ല മനുഷ്യർ അവിടില്ല. അവരെല്ലാം മദ്യപിക്കും. വഴക്കുണ്ടാക്കും. ഞാനും അങ്ങനെ അവരെപ്പോലെയായി, ഒരു മൃഗത്തെപ്പോലെ' എന്നായിരുന്നു സിംഗിന്റെ പ്രതികരണമെന്നും പുസ്തകത്തിലുണ്ട്.
ഇന്നേക്ക് ഏഴുവർഷം
രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നിർഭയ പെൺകുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഏഴു വർഷം തികയുന്നു. വധശിക്ഷ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. അതേസമയം വധശിക്ഷയെ എതിർത്ത് പ്രതികളിലൊരാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. നാളെയാണ് ഹർജി പരിഗണിക്കുക. വധശിക്ഷ നടപ്പാക്കാനുള്ള അവസാന ഘട്ടത്തിലാണ് തിഹാർ ജയിൽ അധികൃതർ. തൂക്കുകയർ നിർമ്മിക്കാൻ ബക്സർ ജയിലധികൃതരെ സമീപിച്ചിരുന്നു. യു.പി സർക്കാർ ആരാച്ചാരെ വിട്ടു നൽകാൻ തയ്യാറായിരിക്കയാണ്.