ന്യൂഡൽഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ആയിരത്തോളം പ്രമുഖരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഫേസ്ബുക്ക് ഇന്ത്യാ മേധാവി അംഖി ദാസ് പാർലമെന്ററി അന്വേഷണ സമിതിക്ക് മുമ്പിൽ നേരിട്ട് മൊഴി നൽകി. രണ്ട് വ്യക്തികൾ തമ്മിൽ പരസ്പരം അയച്ച മെസേജുകൾ ചോർത്താനാകില്ലെന്നും വാട്‌സാപ്പിന്റെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഭേദിക്കപ്പെടാൻ സാദ്ധ്യതയില്ലെന്നും കോൺഗ്രസ് എം.പി ശശി തരൂർ അദ്ധ്യക്ഷനായ പാനലിന് മുമ്പിൽ അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം വിവിധ സൈബർ സുരക്ഷാ വിദഗ്‌ദ്ധരെയും വിളിച്ചുവരുത്തി പൗരന്മാരുടെ ഡാറ്റയും സുരക്ഷയും സംബന്ധിച്ച അഭിപ്രായങ്ങൾ പാനൽ ആരാഞ്ഞിരുന്നു. ബി.ജെ.പിയുടെ മുൻ സംഘടനാ സെക്രട്ടറി ഗോവിന്ദാചാര്യ ഉൾപ്പെടെയുള്ളവരെയും വിളിച്ചുവരുത്തിയിരുന്നു. ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെ 1400 ഓളം പ്രമുഖ വ്യക്തികളുടെ വാട്‌സ് ആപ്പ് വിവരങ്ങൾ ഇസ്രയേലി നിരീക്ഷണ സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്നായിരുന്നു ഫേസ്ബുക്കിന്റെ വെളിപ്പെടുത്തൽ.

.