supremecourt

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ തെരുവുകളിൽ നടക്കുന്ന കലാപം നിറുത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ആദ്യം സമാധാനം വരട്ടെ, പിന്നീടാവാം കേസെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജാമിയ മിലിയ - അലിഗഡ് വിദ്യാർത്ഥികൾക്ക്‌ നേരെ നടന്ന അതിക്രമത്തിൽ സുപ്രീംകോടതി ഇടപടലാവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകൾ നൽകിയ ഹർജിക്കായി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ.

ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ പൊലീസ് അതിക്രമമാണ് ഉണ്ടായതെന്ന് അഭിഭാഷക ചൂണ്ടിക്കാണിച്ചപ്പോഴാണ് പൊലീസിനെതിരെ സ്വമേധയാ കേസെടുക്കില്ലെന്നും സമാധാനം പുനഃസ്ഥാപിച്ചാൽ വിഷയം ഇന്ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചത്. പ്രതിഷേധം തുടർന്നാൽ കേസ് പരിഗണിക്കാമെന്ന തീരുമാനം മാറ്റുമെന്നും ചീഫ്ജസ്റ്റിസ് കൂട്ടിച്ചേർത്തു. കുറ്റവാളി ആര്, നിരപരാധി ആര് എന്ന് ഇപ്പോൾ പറയുന്നില്ല. എന്നാൽ സമാധാനപരമായ പ്രതിഷേധങ്ങളോട്‌ യോജിക്കും. പൊതു മുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതിൽ കോടതികൾക്ക് കൂടുതലായി ഒന്നും ചെയ്യാനാകില്ല. ഇത് ക്രമസമാധാന പ്രശ്‌നമാണ്. പൊലീസാണ് കൈകാര്യം ചെയ്യേണ്ടത്. വിദ്യാർത്ഥികളാണെന്നു കരുതി നിയമം കൈയിലെടുക്കരുത്. ആദ്യം ഈ അക്രമങ്ങളെല്ലാം അവസാനിപ്പിക്കണം. എന്നിട്ട് സ്വമേധയാ കേസെടുക്കാമെന്നും കോടതി പറഞ്ഞു.

മുതിർന്ന അഭിഭാഷകനായ കോലിൻ ഗോൺസാൽവസും അലിഗഡ് വിഷയം കോടതിയിൽ ഉന്നയിച്ചു. അലിഗഡ് സർവകലാശാലയിലെ വിഷയം കൂടുതൽ രൂക്ഷമാണ്. ഇന്റർനെറ്റിന് നിയന്ത്രണം ഉള്ളതുകൊണ്ട് അവിടത്തെ യഥാർത്ഥ അവസ്ഥ പുറംലോകം അറിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരെങ്കിലും കല്ലെറിയുന്നു എന്നതുകൊണ്ട് കോടതി ആ വിഷയത്തിൽ ഇടപെടണമെന്നില്ല. ആദ്യം കലാപം അവസാനിക്കട്ടെ എന്ന് കോടതി അപ്പോൾ വീണ്ടും ഒാർമ്മിപ്പിച്ചു.

ജാമിയയിലുണ്ടായ സംഘർഷത്തിൽ റിട്ട.സുപ്രീംകോടതി ജഡ്ജി അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ കലാപവും അക്രമവും പൊതുമുതൽ നശിപ്പിക്കലും തുടർന്നാൽ ഇതൊന്നും പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തങ്ങളും കാണേണ്ടതില്ലേ എന്ന്‌ചോദിച്ച ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങളിൽ ഇന്ന് വീണ്ടും വാദം കേൾക്കാമെന്നും അറിയിച്ചു.

കേസിനിടയിൽ ഒരു വിദ്യാർത്ഥി ശബ്ദവും

സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനിടെ ജാമിയ മിലിയ സർവകലാശാലയിലെ ഒരു വിദ്യാർത്ഥി ഇടയ്ക്ക് കയറി സംസാരിച്ച നാടകീയരംഗവും കോടതി മുറിയിൽ ഉണ്ടായി.

വിദ്യാർത്ഥി : (ശബ്ദം ഉയർത്തി) കാമ്പസിൽ പൊലീസ് നടത്തിയത് നരനായാട്ടാണ്.

ചീഫ് ജസ്റ്റിസ് ബോബ്ഡെ : നിങ്ങൾ ആരാണ്? അവിടത്തെ വിദ്യാർത്ഥിയാണോ?

വിദ്യാർത്ഥി : അതെ. ബാത്ത്റൂമിൽ കയറി പോലും പൊലീസ് വിദ്യാർത്ഥികളെ മർദിച്ചു.

ചീഫ് ജസ്റ്റിസ് ബോബ്ഡെ : (ഉച്ചത്തിൽ) ഇങ്ങനെയല്ല കോടതിയിൽ വിഷയം അവതരിപ്പിക്കേണ്ടത്. നിങ്ങൾ മിണ്ടാതിരിക്കൂ. എവിടെയെങ്കിലും നടന്ന ബഹളത്തിന് ഇവിടെ വന്ന് ബഹളംവച്ചിട്ട് കാര്യമില്ല. അതോടെ വിദ്യാർത്ഥി മൗനിയായതിനാൽ കോടതി അതവിടെ അവസാനിപ്പിച്ചു.