ന്യൂഡൽഹി : യു.പിയിലെ ഉന്നാവോയിൽ 2017ൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി. മുൻ എം.എൽ.എ. കുൽദീപ് സിംഗ് സെൻഗാർ കുറ്റക്കാരനാണെന്ന് ഡൽഹി തീസ്ഹസാരി കോടതി വിധിച്ചു. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.
ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 376, പോക്‌സോ ആക്ടിന്റെ 5,6 വകുപ്പുകൾ പ്രകാരമാണ് സെൻഗാർ കുറ്റക്കാരനാണെന്ന് വിധിച്ചത്. മാനഭംഗം , തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി വ്യക്തമാക്കിയ കോടതി , കേസിലെ കൂട്ടുപ്രതി ശശി സിംഗിനെ വെറുതെ വിട്ടു. കോടതിയിൽ അതീവ ദുഃഖിതനായി കാണപ്പെട്ട സെൻഗാർ , വിധി പ്രഖ്യാപനം കേട്ട് പൊട്ടിക്കരഞ്ഞു.
കേസിലെ കുറ്റപത്രം വൈകിയതിൽ സി.ബി.ഐയെ വിചാരണ കോടതി വിമർശിച്ചു. സുപ്രീം കോടതിയുടെ നിർദേശാനുസരണം ലക്‌നൗവിൽ നിന്ന് കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റിയ ആഗസ്റ്റ് 5 മുതൽ ജില്ലാ ജഡ്ജി ധർമേഷ് ശർമ കേസിൽ തുടർച്ചയായി വാദം കേൾക്കുകയായിരുന്നു.അടച്ചിട്ട മുറിയിൽ രഹസ്യമായാണ് വിചാരണ നടന്നത്.
കേസിന്റെ
നാൾ വഴി
2017 ജൂൺ 4ന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബി.ജെ.പി.
എം.എൽ.എയായിരുന്ന കുൽദീപ് സെൻഗാർ പീഡിപ്പിച്ചു
2018 ഏപ്രിൽ - പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് യു.പി. മുഖ്യമന്ത്രി യോഗി
ആദിത്യനാഥിന്റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇതോടെ കേസ് രജിസ്ട്രർ
ചെയ്‌തു.
2018 ഏപ്രിൽ 9 - ആയുധങ്ങൾ കൈവശം വച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ
അച്ഛൻ, പൊലീസ് കസ്റ്റഡിയിൽ മരിച്ചു.
2019 ജൂലായ് 28 - പീഡനത്തിനിരയായ പെൺകുട്ടി സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച്
അതീവഗുരുതരാവസ്ഥയിലായി. ആദ്യം ലക് നൗവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന
പെൺകുട്ടിയെ പിന്നീട് ഡൽഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ
ബന്ധു മരിക്കുകയും അഭിഭാഷകന് ഗുരുതരായി പരിക്കേൽക്കുകയും ചെയ്‌തു.
നിലവിൽ പെൺകുട്ടിയും മാതാവും ഡൽഹിയിലാണ് താമസം.