ന്യൂഡൽഹി: പൗരത്വ നിയമത്തിൽ പ്രതിഷേധിക്കുന്ന ജാമിയ മിലിയ, അലിഗഢ് സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ത്യഗേറ്റിനു മുന്നിൽ രണ്ടു മണിക്കൂറോളം ധർണയിരുന്നു.
വൈകുന്നേരം നാലരയോടെ ഇന്ത്യാ ഗേറ്റിലെത്തിയ പ്രിയങ്കയ്ക്കൊപ്പം പ്ലക്കാർഡുകളുമേന്തി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ മുന്നൂറോളം പേർ മൗന പ്രതിഷേധത്തിൽ പങ്കെടുത്തു. ജാമിയ മിലിയയിൽ ഞായറാഴ്ച എന്താണ് നടന്നതെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് പ്രിയങ്ക പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും വിദ്യാർത്ഥികൾക്കും നേരെയുള്ള ആക്രമണമാണ് നടന്നത്. വിദ്യാർത്ഥികളാണ് ഈ രാജ്യത്തിന്റെ ആത്മാവ്. ഈ രാജ്യം അവരുടേതുമാണ്. പ്രതിഷേധിക്കാനുള്ള അവകാശം അവർക്കുമുണ്ട്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും സ്വന്തം പാർട്ടി എം.എൽ.എ പെൺകുട്ടിയെ പീഡിപ്പിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി പറയണം. എകാധിപത്യത്തിലേക്ക് നീങ്ങുന്ന മോദി സർക്കാരിനെതിരെ പോരാടാൻ കോൺഗ്രസ് പ്രവർത്തകരെ പ്രിയങ്ക ആഹ്വാനം ചെയ്തു. കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ,എ.കെ ആന്റണി, പി.എൽ. പുനിയ, അഹമ്മദ് പട്ടേൽ, അംബിക സോണി എന്നീ നേതാക്കളും ധർണയിൽ പങ്കെടുത്തു.