sc

ന്യൂഡൽഹി: പൊതുതാത്പര്യ ഹർജികളിലെന്നപോലെ വിവരാവകാശ നിയമത്തിന്റെ അപേക്ഷകളിലും നിയന്ത്രണങ്ങൾ വേണമെന്ന് സുപ്രീം കോടതി. വിവരാവകാശ നിയമം ബ്ലാക്‌മെയിൽ ചെയ്യാനുള്ള ഒരു ഉപാധിയായി മാറിയെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

കേന്ദ്രസംസ്ഥാന ഇൻഫർമേഷൻ ഓഫീസുകളിൽ ഇൻഫർമേഷൻ കമ്മിഷണർമാരുടെ തസ്തികകളിൽ നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് വിവരാകാശ നിയമ പ്രവർത്തക അഞ്ജലി ഭരദ്വാജ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നത് തൊഴിലായി സ്വീകരിക്കാൻ കഴിയുമോ എന്നും ബെഞ്ച് ചോദിച്ചു. പലരുടെയും ലെറ്റർ പാഡുകളിൽ ആർ.ടി.ഐ. ആക്റ്റിവിസ്റ്റെന്ന് രേഖപ്പെടുത്താറുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം. തങ്ങളെ ബാധിക്കുന്ന വിവരങ്ങൾ അറിയാൻ അവകാശം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് വിവരാവകാശ നിയമം. എന്നാലിപ്പോൾ എല്ലാവരും എല്ലാവർക്കുമെതിരെയുള്ള എല്ലാ വിവരങ്ങളും ഈ നിയമത്തിന്റെ പിൻബലത്തിലൂടെ ആർജ്ജിക്കാൻ ശ്രമിക്കുന്നതായും കോടതി നിരീക്ഷിച്ചു. അതേസമയം വിവരാവകാശ നിയമം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്ന് പ്രശാന്ത് ഭൂഷൻ കോടതിയിൽ പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെക്ക് പുറമെ ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സുര്യ കാന്ത് എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു.