ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ ജാമിയ മില്ലിയ സർവകലാശാലയിലുണ്ടായ സംഘർഷത്തിനിടെ വെടിയുതിർത്തിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു. വെടിയേറ്റ പരിക്കുകളോടെയാണ് രണ്ടു പേരെ പ്രവേശിപ്പിച്ചതെന്ന് സഫ്ദർജംഗ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഇവർ വിദ്യാർത്ഥികളാണോ പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റാരെങ്കിലുമാണോയെന്ന് വ്യക്തമല്ല.
ഞായറാഴ്ച രാത്രി സംഘർഷത്തിൽ വെടിയേറ്റ പരിക്കുള്ളയാളുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസ് തങ്ങൾക്കുനേരെ വെടിയുതിർത്തെന്ന് വിദ്യാർത്ഥികളും ആരോപിച്ചിരുന്നു. ആരോപണങ്ങൾ നിഷേധിച്ച ഡൽഹി പൊലീസ് സ്ഥിതി ശാന്തമാക്കാനുള്ള ഇടപെടൽ മാത്രമാണ് നടത്തിയതെന്നാണ് വിശദീകരിച്ചത്.
ബസ് കത്തിച്ചത്
പൊലീസോ?
പ്രതിഷേധക്കാരല്ല പൊലീസുകാരാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം ബസുകൾക്ക് തീയിട്ടതെന്ന ആരോണവും ശക്തമായിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. പൊലീസുകാർ നിൽക്കെ തന്നെ സിവിൽ ഡ്രസിലുള്ള രണ്ടുപേർ ബസിലേക്ക് പെട്രോൾ ഒഴിക്കുന്ന ദൃശ്യം സിസോദിയ കഴിഞ്ഞദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. സമാനമായ കൂടുതൽ ദൃശ്യങ്ങൾ ഇന്നലെ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ക്യാമ്പസിനകത്തുള്ള പൊലീസ് നടപടിയുടെയും ലൈബ്രറിയിൽ ടിയർ ഗ്യാസ് പ്രയോഗിച്ചതിൻറെയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.