പുന:പരിശോധനാ ഹർജി ഇന്ന് പുതിയ ബെഞ്ച് പരിഗണിക്കും
ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക അക്രമങ്ങൾ വർദ്ധിച്ചുവരുന്നതിനിടെ, കോളിളക്കമുണ്ടാക്കിയ നിർഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് സിംഗ് ഠാക്കൂർ, വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പുന:പരിശോധനാ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ പിന്മാറി. ജസ്റ്റിസുമാരായ അശോക് ഭൂഷൺ ആർ.ഭാനുമതി, എസ്.എസ് ബൊപ്പണ എന്നിവരടങ്ങിയ പുതിയ ബെഞ്ച് ഇന്നു രാവിലെ 10.30 മുതൽ വാദം കേൾക്കും.
പെൺകുട്ടിക്കായി ഹാജരാകുന്ന അഭിഭാഷകരിൽ ഒരാളായ അർജുൻ ബോബ്ഡെ കുടുംബാംഗമാണെന്ന കാരണത്താലാണ് പിന്മാറുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എസ്.എ. ബോബ്ഡെയുടെ മൂത്ത സഹോദരൻ വിനോദ് ബോബ്ഡെയുടെ മകനാണ് അർജുൻ. പുന:പരിശോധനാ ഹർജിയെ എതിർത്തും പ്രതികളുടെ വധശിക്ഷ വേഗത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും പെൺകുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഈ ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസിന്റെ പിന്മാറ്റം.
ആ രാത്രി
പാരാമെഡിക്കൽ വിദ്യാർഥിനിയായ 23കാരിയെ 2012 ഡിസംബർ 16 അർദ്ധരാത്രി ഡൽഹിയിലെ ഓടിക്കൊണ്ടിരുന്ന ബസിൽ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം പ്രതികൾ പുറത്തേക്ക് തള്ളിയിട്ടു.
29 ന് രാത്രി പെൺകുട്ടി മരണമടഞ്ഞു
ആ നരാധമന്മാർ
മുകേഷ് സിംഗ് (30), പവൻ ഗുപ്ത (23), വിനയ് ശർമ (24) അക്ഷയ് സിംഗ് ഠാക്കൂർ (28), രാംസിംഗ് (33), സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാതിരുന്ന മുഹമ്മദ് അഫ്റോസ്
ശിക്ഷ
2014 മാർച്ച് 13 ന് മുഹമ്മദ് അഫ്റോസ് ഒഴികെയുള്ളവർക്ക് ഡൽഹി ഹൈക്കോടതി വധശിക്ഷ വിധിച്ചു. മുഖ്യപ്രതി രാംസിംഗിനെ 2013 മാർച്ച് 11 ന് തിഹാർ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയെ മൂന്നു വർഷം സർക്കാർ അഭയ കേന്ദ്രത്തിൽ പാർപ്പിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ്. ശിക്ഷാകാലം പൂർത്തിയാക്കി ഇയാൾ മോചിതനായി. മറ്റു പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി പിന്നീട് ശരിവച്ചു.
ഇളവു തേടി
അക്ഷയ്‌കുമാർ ഒഴികെയുള്ള മൂന്നു പേർ നൽകിയ പുനഃപരിശോധനാ 2018 ജൂലായ് 9 ന് സുപ്രീംകോടതി തള്ളി. അക്ഷയ് കുമാർ പിന്നീടാണ് ഹർജി നൽകിയത്.