ന്യൂഡൽഹി :ജാമിയ മിലിയ, അലിഗഢ് സർവ്വകലാശാല വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. സുപ്രീംകോടതി വിചാരണക്കോടതി അല്ല. ഇത്തരം പ്രശ്നങ്ങൾ ആദ്യം കീഴ്കോടതികളിൽ ഉന്നയിക്കണം. അന്വേഷണത്തിനായി ഹർജിക്കാർക്ക് അതത് ഹൈക്കോടതികളെ സമീപിക്കാം. മുൻ സുപ്രീംകോടതി ജഡ്‌ജിമാരെ അന്വേഷണത്തിന് നിയോഗിക്കുന്നത് ഹൈക്കോടതികൾ തീരുമാനിക്കും - ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ബി.ആർ. ഗവായി എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
പൊതുമുതൽ നശിപ്പിച്ചാൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞകോടതി, നിയമം കൈയിലെടുത്താൽ കേസെടുക്കരുത് എന്ന് എങ്ങനെ പറയുമെന്നും ചോദിച്ചു.
ജാമിയ മിലിയ, അലിഗഢ് സർവ്വകലാശാലകളിലെ പൊലീസ് അതിക്രമത്തിൽ ഉന്നതതല അന്വേഷണം, വിദ്യാർത്ഥികൾക്കെതിരായ എല്ലാ കേസുകളും പിൻവലിക്കണം, അനുമതി ഇല്ലാതെ പൊലീസ് സർവ്വകലാശാലകളിൽ പ്രവേശിക്കരുത് എന്നിവയായിരുന്നു ഹർജിക്കാരുടെ ആവശ്യങ്ങൾ.
ഇന്ദിരാ ജയ്‌സിംഗ്, സഞ്ജയ് ഹെഗ്‌ഡെ, കോളിൻ ഗോൺസാൽവസ്, അഡ്വ. മെഹമൂദ് പ്രാച്ഛ എന്നിവരാണ് ഹർജിക്കാർക്കായി ഹാജരായത്. തുഷാർ മേത്തയായിരുന്നു സോളിസിറ്റർ ജനറൽ.
വാദപ്രതിവാദങ്ങൾ
ചീഫ് ജസ്റ്റിസ് - സുപ്രീംകോടതിക്ക് ഒന്നും ചെയ്യാനാകില്ല. ഹൈക്കോടതിയിൽ ഉന്നയിക്കൂ.
അഡ്വ. മെഹമൂദ് പ്രാച്ഛ - വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ജാമിയയിലും അലിഗഢിലും അടക്കം പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യത്താകെ പ്രതിഷേധങ്ങളും അക്രമങ്ങളും നടക്കുകയാണ്.
ചീഫ് ജസ്റ്റിസ് - എന്തിനാണ് അക്രമം?
അഡ്വ. മെഹമൂദ് പ്രാച്ഛ - ജനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനാലാണ്
ചീഫ് ജസ്റ്റിസ് - ഇത്തരം വാദങ്ങൾക്ക് ഇത് വിചാരണക്കോടതിയല്ല , സുപ്രീംകോടതിയാണ്.
അഡ്വ. മെഹമൂദ് പ്രാച്ഛ - ദേശീയപ്രശ്നമാണിത്. ഹൈക്കോടതികൾ ഇടപെടണം
ചീഫ് ജസ്റ്റിസ് - വ്യത്യസ്തമായ പ്രശ്നങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്. അവയെല്ലാം പരിഗണിക്കാനുള്ള വേദിയല്ലിത്.
അഡ്വ. മെഹമൂദ് പ്രാച്ഛ - മറ്റ് പ്രശ്നങ്ങൾ പോലെയല്ല. കലാപങ്ങൾക്ക് പൊതുസ്വഭാവുമുണ്ട്. ദിനപ്രതി വർദ്ധിക്കുകയാണ്.
ചീഫ് ജസ്റ്റിസ് -ബസ് കത്തിച്ചത് എങ്ങനെ? ഇതൊരു ക്രമസമാധാന പ്രശ്നമായിരിക്കുന്നു.
അഡ്വ. മെഹമൂദ് പ്രാച്ഛ - പൊലീസാണ് ബസ് കത്തിച്ചതും പൊതുമുതൽ നശിപ്പിച്ചതും
ചീഫ് ജസ്റ്റിസ് - ഇത്തരം വാദങ്ങൾ ഇവിടെ പറ്റില്ല.തെളിവുകൾ ഹൈക്കോടതിയിൽ സമർപ്പിക്കൂ.
അഡ്വ. മെഹമൂദ് പ്രാച്ഛ - ഈ പ്രശ്നം ഉന്നയിക്കേണ്ടത് സുപ്രീംകോടതിയിൽ തന്നെയാണ്. സർക്കാർ കള്ളം പ്രചരിപ്പിക്കുന്നു.
ചീഫ് ജസ്റ്റിസ് - രാജ്യത്ത് പ്രശ്നങ്ങൾ ഇല്ലെന്നോ അവ ഗുരുതരമല്ലെന്നോ പറയുന്നില്ല. ക്രമസമാധാനം സുപ്രീംകോടതിയുടെ ചുമതലയല്ല. ഹൈക്കോടതിയെ സമീപിക്കൂ.
ഇന്ദിര ജയ്സിംഗ് - വിദ്യാർത്ഥികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയാണ്. ജയിൽ മുറികളിലേക്ക് അവരെ തള്ളി വിടുകയാണ്.
ചീഫ് ജസ്റ്റിസ് - പൊതുമുതൽ നശിപ്പിച്ചാൽ അറസ്റ്റ് ചെയ്യേണ്ടി വരും. നിയമം കൈയിലെടുത്താൽ കേസ് രജിസ്റ്റർ ചെയ്യരുത് എന്ന് എങ്ങനെ പറയാനാകും.