ന്യൂഡൽഹി:പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി ഇരമ്പുന്ന പ്രതിഷേധം ചെന്നൈയിലേക്കും പടർന്നതോടെ മദ്രാസ് സർവകലാശാല തിങ്കളാഴ്ച വരെ അടച്ചു. മദ്രാസ് ഐ.ഐ.ടിയിലും അനിശ്‌ചിതകാല സമരത്തിന് വിദ്യാർത്ഥികൾ ആഹ്വാനം നൽകി.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുംവരെ സമരം തുടരുമെന്ന് മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു. ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം നൽകിയെങ്കിലും വിദ്യാർത്ഥികൾ കാമ്പസിൽ തുടരുകയാണ്. രാത്രിയും സമരം തുടരും. കാമ്പസിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്‌ത് മാറ്റിയേക്കും.
ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിലും രണ്ട് ദിവസമായി മദ്രാസ് സർവകലാശാലയിൽ പ്രതിഷേധം കത്തുകയാണ്. ശ്രീലങ്കയിൽ നിന്ന് കുടിയേറിയ തമിഴ് വംശജരുടെ പൗരത്വ പ്രശ്നങ്ങളും അവർ ഉന്നയിക്കുന്നു. ഇന്നലെ വൈകിട്ടാണ് പൊലീസ് കാമ്പസിൽ കടന്നത്. സർവകലാശാല അധികൃതരുടെ അനുമതി ഇല്ലാതെയാണ് പൊലീസ് പ്രവേശിച്ചത്. നൂറോളം വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
അതേസമയം, പൗരത്വനിയമത്തിനെതിരെ സമരം ചെയ്ത ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ റാലി ഡൽഹിയിൽ അക്രമാസക്തമായി. വടക്ക് കിഴക്കൻ ഡൽഹിയിൽ സീലംപുരിലാണ് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത്. ബസും ട്രാഫിക് പൊലീസിന്റെ ഉൾപ്പെടെ ബൈക്കുകളും കത്തിച്ചു. പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ ലാത്തിച്ചാർജ് ചെയ്ത പൊലീസ് ടിയർ ഗ്യാസും പ്രയോഗിച്ചു. രണ്ട് ഡൽഹി ട്രാൻസ്‌പോർട്ട് ബസുകളും ഒരു റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് ബസും ഒരു സ്കൂൾ ബസും തകർത്തു. റോഡിലും പൊലീസ് എയ്ഡ് പോസ്റ്റിനും തീയിട്ടു.
സീലംപുരിലെ നമ്പർ 66 സ്ട്രീറ്റിലാണ് പ്രതിഷേധം നടന്നത്. സീലംപുരിൽ നിന്നും ജാഫ്രബാദിൽ നിന്നുമുള്ള നിരവധി യുവാക്കൾ എത്തിയതോടെ രണ്ട് മണിക്ക് നിശ്ചയിച്ചിരുന്ന റാലി ഒരു മണി കഴിഞ്ഞതോടെ ആരംഭിച്ചു. സീലംപുർ ചൗക്കിൽ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടക്കത്തിൽ സമാധാനപരമായിരുന്ന പ്രതിഷേധം പെട്ടെന്നാണ് അക്രമാസക്തമായത്. ചിലർ ബസുകൾക്ക് കല്ലെറിഞ്ഞു. തടയാൻ ശ്രമിച്ച പൊലീസുകാർക്കു നേരെയും കല്ലേറുണ്ടായി. പൊലീസ് സന്നാഹം കുറവായിരുന്നു. സംഘർഷം വ്യാപിച്ചതോടെ പൊലീസ് കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ചു.
സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊതുസ്വത്ത് നശിപ്പിച്ച് അക്രമം കാട്ടിയവരെ വെറുതേവിടില്ലെന്ന് പൊലീസ് അറിയിച്ചു.
ജാഫ്രബാദ്, മൊജ്പുർ -ബാബർപുർ, സീലംപുർ, ഗോകുൽപുരി, ജോഹ്‌റി എൻക്ലേവ്, ശിവ് വിഹാർ എന്നീ മെട്രോസ്റ്റേഷനുകൾ അടച്ചെങ്കിലും വൈകിട്ട് തുറന്നു. സീലംപുർ ജാഫ്രബാദ് റോഡിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്. ധര്യാഗഞ്ചു മുതൽ ഡൽഹി ഗേറ്റുവരെയുള്ള ഗതാ ഗതത്തെയും ബാധിച്ചു. സ്ഥലത്ത് ഡ്രോണുകൾ ഉപയോഗിച്ച് പൊലീസ് നിരീക്ഷണം നടത്തുകയാണ്.
സമാധാനം നിലനിറുത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലെഫ്.ഗവർണർ അനിൽബൈജാലും ആഹ്വാനം ചെയ്തു.
അലിഗഢ്, ബനാറസ്, കൊൽക്കത്ത തുടങ്ങിയ ഒട്ടേറെ കേന്ദ്രങ്ങളിലും ഇന്നലെ വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ചു കൾ അരങ്ങേറി. അലിഗഡിൽ വിദ്യാർത്ഥികൾ പൊലീസുമായി ഏറ്റുമുട്ടിയതായി റിപ്പോർട്ടുണ്ട്.