opposition-leaders

ന്യൂഡൽഹി: ദേശീയ പൗരത്വ ബില്ലിനെ ചൊല്ലി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അടക്കം ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകി. ജനങ്ങൾക്കുള്ള ആശങ്കയാണ് പ്രതിഷേധത്തിലൂടെ പ്രതിഫലിക്കുന്നതെന്നും കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിച്ചാൽ സംഘർഷം കൂടുതൽ വ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ 13 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളാണ് രാഷ്‌ട്രപതിയെ സന്ദർശിച്ചത്.

പൗരത്വ ഭേദഗതി നിയമം ജനാധിപത്യ വിരുദ്ധമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അസാം, മേഘാലയ, ത്രിപുര അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കേരളം, ബംഗാൾ, മഹാരാഷ്‌ട്ര, തമിഴ്നാട്, ഗുജറാത്ത്, യു.പി, ഡൽഹി എന്നിവിടങ്ങളിലും ജനങ്ങളുടെ ആശങ്ക പ്രതിഷേധമായി അലയടിക്കുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ നീക്കം. ജാമിയ മിലിയയിൽ പൊലീസ് വിസിയുടെ അനുമതിയില്ലാതെ അതിക്രമിച്ചു കയറി ഹോസ്‌റ്റലിൽ അടക്കം വിദ്യാർത്ഥികളെ തല്ലി. കലാപം ആളിക്കത്തിക്കുന്ന പ്രസ്‌‌താവനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. പൊലീസ് അതിക്രമങ്ങൾ അന്വേഷിക്കാനും നിയമത്തെ ചൊല്ലിയുള്ള ആശങ്ക ഇല്ലാതാക്കാനും ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

പ്രതിഷേധക്കാരുടെ വായ മൂടിക്കെട്ടി നിയമം നടപ്പാക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് രാഷ്‌ട്രപതിയെ കണ്ട ശേഷം സോണിയാ ഗാന്ധി പറഞ്ഞു. എ.കെ.ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ്മ, കപിൽ സിബൽ, ജയ്‌റാം രമേശ് (കോൺഗ്രസ്), ടി.ആർ. ബാലു (ഡി.എം.കെ), സീതാറാം യെച്ചൂരി(സി.പി.എം), ഡി. രാജ (സി.പി.ഐ), ശരത് യാദവ് (ജെ.എൽ.എസ്), ഇ.ടി. മുഹമ്മദ് ബഷീർ ( മുസ്ളീം ലീഗ്) തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ശിവസേന സംഘത്തിൽ ചേർന്നില്ല.