ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയ്ക്ക് സമീപം പൗരത്വബില്ലിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പത്തുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രശ്നങ്ങളുണ്ടാക്കിയ സാമൂഹ്യവിരുദ്ധരെയാണ് അറസ്റ്റ് ചെയ്തതെന്നും കൂട്ടത്തിൽ വിദ്യാർത്ഥികളില്ലെന്നും പൊലീസ് അറിയിച്ചു. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. സർവകലാശല സ്ഥിതി ചെയ്യുന്ന ജാമിയ,. ഓഖല പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇവർ. 15 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം ഞായറാഴ്ച സംഘർഷത്തിനിടെ വെടിയുതിർത്തിട്ടില്ലെന്ന് ഡൽഹിപൊലീസ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. ടിയർ ഗ്യാസ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. റബ്ബർ ബുള്ളറ്റുപോലും പ്രയോഗിച്ചിട്ടില്ല.
14 ബസുകളാണ് തകർക്കപ്പെട്ടത്. 20 സ്വകാര്യവാഹനങ്ങൾക്കും നാശം സംഭവിച്ചു. 31 പൊലീസുകാർ ഉൾപ്പെടെ 67 പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. വിദ്യാർത്ഥികളടക്കം 47 പേർ കസ്റ്റഡിയിലുണ്ട്.
അതേസമയം വെടിയേറ്റ പരിക്കുകളോടെ രണ്ടുപേർ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുണ്ട്.
ഞായറാഴ്ച രാത്രി ജാമിയ മില്ലിയ ഇസ്‌ലാമിയ ലൈബ്രറിയിൽ കയറിയുള്ള പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ ഒരു കണ്ണിൻറെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇടത് കണ്ണിൻറെ കാഴ്ചയാണ് നഷ്ടമായയത്.മറ്റൊരു വിദ്യാർത്ഥിയുടെ കാലിനേറ്റ പരിക്കും അതീവഗുരുതരമാണ്. ലൈബ്രറിയിൽ കയറിയ പൊലീസും ടിയർ ഗ്യാസ് പൊട്ടിച്ചും ലാത്തിച്ചാർജും നടത്തിയുമാണ് വിദ്യാർത്ഥികളെ പുറത്തിറക്കിയത്. ക്യാമ്പസിനകത്ത് കയറിയുള്ള പൊലീസ് അതിക്രമത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാനവവിഭവശേഷി മന്ത്രാലയത്തെ സമീപിക്കുമെന്ന് സർവകലാശാല ചീഫ് പ്രോക്ടർ വസീം അഹമ്മദ് ഖാൻ അറിയിച്ചു.