
ന്യൂഡൽഹി :എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപദവി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി. ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാദ്ധ്യായ 2017ൽ സമർപ്പിച്ച ഹർജിയാണ് സംസ്ഥാനാടിസ്ഥാനത്തിലല്ല, ദേശീയാടിസ്ഥാനത്തിലാണ് മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതെന്ന് വ്യക്തമാക്കി തള്ളിയത്. മിസോറം, നാഗാലാൻഡ്, മേഘാലയ, ജമ്മു കാശ്മീർ, അരുണാചൽപ്രദേശ്, മണിപ്പൂർ, പഞ്ചാബ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കളെ ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കണമെന്നായിരുന്നു ആവശ്യം.പാഴ്‌സി, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ മതക്കാരെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ച വിജ്ഞാപനം റദ്ദാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. മതം നിലനിൽക്കുന്നത് ഇന്ത്യയിൽ ആകമാനമാണ്, സംസ്ഥാനങ്ങളുടെ രാഷ്ട്രീയാതിർത്തികൾക്കുള്ളിലല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ നിർണയത്തിന് പ്രത്യേക മാനദണ്ഡം പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന ആവശ്യവും കോടതി തള്ളി.ജമ്മു കാശ്മീർ, പഞ്ചാബ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയടക്കമുള്ള എട്ട് സംസ്ഥാനങ്ങളെ പ്രാദേശികമായ ജനസംഖ്യാടിസ്ഥാനത്തിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആവശ്യം. നേരത്തെ ഈ വിഷയത്തിൽ അറ്റോർണി ജനറലിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിലെത്തി എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സുപ്രീംകോടതി നിർണ്ണായക ഉത്തരവ് ഇട്ടത്. മതന്യൂനപക്ഷങ്ങളെ പ്രാദേശിക അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്ന വാദത്തിനാണ് ഇതോടെ തിരിച്ചടിയാകുന്നത്.
ഈ സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നല്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സ്വീകരിക്കാൻ 2017ൽ വിസമ്മതിച്ച സുപ്രീംകോടതി നിലപാട് ഏറെ ചർച്ചയായിരുന്നു. അന്നും അശ്വിനി കുമാർ ഉപാദ്ധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ദേശീയ ന്യൂനപക്ഷ കമ്മീഷനാണെന്നും സുപ്രീംകോടതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു