ന്യൂഡൽഹി : നിർഭയ മാനഭംഗക്കേസിലെ പ്രതികളിലൊരാളായ അക്ഷയ്‌കുമാർ സിംഗ് വധശിക്ഷ പുനഃപരിശോധിക്കാൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിലെ നാല് പ്രതികൾക്കും ഡൽഹി ഹൈക്കോടതി വിധിച്ച വധശിക്ഷ ജസ്റ്റിസ് ആർ. ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ച് ശരിവച്ചു. എന്നാൽ വധശിക്ഷ വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ അമ്മ പാട്യാല ഹൗസ് കോടതിയിൽ നൽകിയ ഹർജിയിലെ വാദം 2020 ജനുവരി ഏഴിലേക്ക് മാറ്റി. പ്രതികൾക്ക് ദയാഹർജി ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ പാട്യാല ഹൗസ് കോടതി ഒരാഴ്ച അനുവദിച്ചു.
അരമണിക്കൂർ വാദം , ഒരു മണിക്ക് വിധി
ജസ്റ്റിസ് ഭാനുമതി അദ്ധ്യക്ഷയും ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണയും അശോക് ഭൂഷണും അംഗങ്ങളുമായ ബെഞ്ചാണ് റിവ്യൂ ഹർജിയിൽ രാവിലെ വാദം കേട്ടത്. മുപ്പത് മിനിട്ടിൽ വാദം അവസാനിപ്പിക്കാൻ പ്രതിയുടെ അഭിഭാഷകൻ എ.പി.സിംഗിനോട് നിർദ്ദേശിച്ചിരുന്നു.
ഒരാളെയും കൊലപ്പെടുത്താൻ ആർക്കും അവകാശമില്ലെന്നും വധശിക്ഷ പുനഃപരിശോധിക്കണമെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും എ.പി. സിംഗ് ആവശ്യപ്പെട്ടു. മുഖ്യപ്രതിയായ റാംസിംഗ് ജയിലിൽ തൂങ്ങിമരിച്ചത് സംശയാസ്പദമാണ്.
നിർഭയ കേസിലും അതാണ് സംഭവിച്ചത്. നിർഭയയുടെ പുരുഷ സുഹൃത്ത് ആക്രമിക്കപ്പെട്ടിരുന്നു. സംഭവങ്ങൾ മാദ്ധ്യമങ്ങളോട് തുറന്നു പറയാൻ ഇയാൾ പണം വാങ്ങിയെന്ന ആരോപണമുണ്ട് - ഇതൊക്കെയായിരുന്നു പ്രതിയുടെ വാദങ്ങൾ. ഒന്നും കോടതി അംഗീകരിച്ചില്ല. വാദം പൂർത്തിയാക്കി ഉച്ചയ്‌ക്ക് ഒരു മണിക്ക് വിധി പറയാനായി മാറ്റി.
വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഉന്നയിച്ച വാദങ്ങളാണ് പ്രതി ആവർത്തിക്കുന്നതെന്നും വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവിട്ട് കോടതി ഹർജി തള്ളി. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ വധശിക്ഷ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
നിർഭയയുടെ മാതാപിതാക്കൾ കോടതിയിൽ ഹാജരായിരുന്നു.
തിരുത്തൽ ഹർജിയും ദയാ ഹർജിയും നൽകും
പുനഃപരിശോധനാ ഹർജി തള്ളിയതോടെ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കാൻ രണ്ടാഴ്ച പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും ഒരാഴ്ചയാണ് കോടതി അനുവദിച്ചത്. നാല് പ്രതികളും സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകുമെന്നും അഭിഭാഷകൻ അറിയിച്ചു.
''എവിടെ പോയാലും പ്രതികളുടെ അവകാശങ്ങളെക്കുറിച്ചാണ് ഞങ്ങളോട് പറയുന്നത്. ഞങ്ങൾക്കും അവകാശങ്ങളില്ലേ''?
-നിർഭയയുടെ അമ്മ