jnu

ന്യൂഡൽഹി :ജവഹർലാൽ നെഹ്രു സർവകലാശാലയിൽ വാട്‌സ്‌ആപ്പിൽ പരീക്ഷ നടത്താനുള്ള അധികൃതരുടെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഫീസ്‌ വർദ്ധനയ്‌ക്കെതിരെയുള്ള സമരം പരീക്ഷ ബഹിഷ്‌കരിച്ച്‌ തുടരുന്നതിനിടെയാണ്‌,​ എഴുതിയ ഉത്തരക്കടലാസിന്റെ ചിത്രം വാട്‌സ്‌ആപ്പിൽ അദ്ധ്യാപകർക്ക് അയച്ചുനൽകി പരീക്ഷ നടത്താൻ സർവകലാശാല സർക്കുലർ ഇറക്കിയത്. സ്‌കൂൾ ഒഫ്‌ ഇന്റർനാഷണൽ സ്‌റ്റഡീസിനു കീഴിലെ എല്ലാ സെന്ററുകൾക്കും ഇത്തരത്തിൽ നിർദ്ദേശം ലഭിച്ചു.

എംഫിൽ, എം.എ വിദ്യാർത്ഥികൾക്ക്‌ സെമസ്‌റ്റർ പരീക്ഷാ ചോദ്യങ്ങൾ രജിസ്‌റ്റേർഡ്‌ പോസ്‌റ്റിൽ അയയ്ക്കും. ഉത്തരങ്ങൾ 21നകം അധ്യാപകർക്ക്‌ നേരിട്ടോ, ഇ- മെയിലിലോ, കൈകൊണ്ട്‌ എഴുതിയ ഉത്തരക്കടലാസിന്റെ ചിത്രം വാട്‌സ്‌ആപ്പിലോ അയയ്ക്കണം. വൈസ്‌ ചാൻസലർ എം ജഗദീഷ്‌ കീമാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച ചേർന്ന യോഗമാണ്‌ വിവാദ തീരുമാനമെടുത്തത്‌. സ്‌കൂൾ ഡീൻമാരും സെന്ററുകളുടെ മേധാവികളും ഉൾപ്പെട്ട യോഗത്തിന്റേതാണ് തീരുമാനം.

വിദ്യാർത്ഥികൾ ബഹിഷ്കരണ സമരത്തിലായതിനാൽ പരീക്ഷാ നടത്തിപ്പിന് മറ്റു വഴിയില്ലാഞ്ഞാണ് വാടാസ്ആപ്പ് മാർഗം സ്വീകരിച്ചതെന്നാണ് സ്‌കൂൾ ഡീൻ അശ്വനികുമാർ മോഹപത്രയുടെ വിശദീകരണം.