ന്യൂഡൽഹി:കൂത്തുപറമ്പിൽ 20 വർഷം മുമ്പ് ആർ.എസ്.എസ്. പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ 14 സി.പി.എം പ്രവർത്തകരെ വെറുതേ വിട്ട തലശേരി സെഷൻസ് കോടതി വിധി സുപ്രീംകോടതി ശരിവച്ചു. കേസ് വീണ്ടും വിചാരണ ചെയ്യണമെന്ന ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസ്മാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
ആയിത്തറ എൽ.പി.സ്കൂളിന് സമീപം കണ്ടംകുന്നു വയലിൽ 1999 ഒക്ടോബർ 12ന് ബോംബേറിൽ പാറയിൽ ശശി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് കേസ്. സി.പി.എം. പ്രവർത്തകരായ ആയിത്തറ ശശീന്ദ്രൻ, കൂരമ്പേത്ത് ഷാജി, കരിപ്പായി ബാബു, ഞാലി മനോഹരൻ, കരിപ്പായി രാജൻ, കൊല്ലംകുന്നുമ്മേൽ ഷാജി, പുലപ്പടി സജീവൻ, മാമ്മത്തൻ നന്ദനൻ, ചാലി ബാബു, പാറേക്കണ്ടി സുധീർ, കേളേരി രവീന്ദ്രൻ, കൊല്ലുന്നോൽ രവീന്ദ്രൻ, കൊരമ്പേത്ത് അനീഷ്, നീപ്പാടൻ പ്രസാദൻ എന്നിവരായിരുന്നു പ്രതികൾ.
നിയമവശങ്ങൾ വിചാരണക്കോടതി ശരിയായി വിശകലനം ചെയ്തില്ലെന്ന് വിലയിരുത്തിയാണ് വീണ്ടും വിചാരണയ്ക്ക് 2009 മേയിൽ ഹൈക്കോടതി നിർദ്ദേശിച്ചത്. അതിനെതിരായ പ്രതികളുടെ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. പൊലീസിന് വീഴ്ചയുണ്ടായെന്നും വീണ്ടും വിചാരണ നിർദ്ദേശിച്ചത് പിഴവാണെന്നും സുപ്രീംകോടതി വിലിയിരുത്തി. ദൃക്സാക്ഷികൾ എന്ന് അവകാശപ്പെട്ട രണ്ട് പേർ പ്രതികളുടെ രാഷ്ട്രീയ എതിരാളികളാണ്. മൊഴിയിൽ സാരമായ പൊരുത്തക്കേടുണ്ട്. വിചാരണക്കോടതിയുടെ യുക്തിസഹമായ വിധി ഹൈക്കോടതി തള്ളിയത് ഒഴുക്കൻ മട്ടിലാണ്. തെളിവുകൾ ചർച്ചചെയ്തിട്ടുപോലുമില്ല. ശിക്ഷിക്കാൻ തെളിവില്ലാത്ത സാഹചര്യത്തിലാണ് വീണ്ടും വിചാരണ വേണമെന്ന് ഹൈക്കോടതിയും വിലയിരുത്തിയതെന്നും സുപ്രീം കോടതി വ്യക്തമാക്കി.