ന്യൂഡൽഹി: ബി.ഡി.ജെ.എസിലും എസ്.എൻ.ഡി.പി യോഗത്തിലും തന്റെ പേരിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അറിയില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി.
ചിലർ ബി.ജെ.പിയുടെ പേരിൽ വിമത പ്രവർത്തനങ്ങൾ നടത്തുന്ന വിവരം ഇന്നലെ അമിത് ഷായെ സന്ദർശിച്ച ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ധരിപ്പിച്ചപ്പോഴാണ് അത്തരക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ അമിത് ഷായുടെ ഓഫീസിൽ അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ കേരളത്തിലെ സംഭവ വികാസങ്ങൾ തുഷാർ ധരിപ്പിച്ചു..
പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ നേരത്തെ അമിത് ഷായെ ഫോണിലൂടെ അറിയിച്ചിരുന്നതായി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തിരക്കുകൾ കാരണം ഇപ്പോഴാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. അമിത് ഷായുടെ പേരിൽ നടക്കുന്ന കള്ളപ്രചാരണങ്ങൾ വിശദീകരിച്ചപ്പോൾ അങ്ങനെ ആരെയും പരിചയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും ചർച്ചയായെന്ന് തുഷാർ പറഞ്ഞു.