gst

ന്യൂഡൽഹി: കേരളത്തിന്റെ ശക്തമായ എതിർപ്പ് മറികടന്ന് സർക്കാർ ലോട്ടറിയുടെയും അന്യസംസ്ഥാന സ്വകാര്യ ലോട്ടറികളുടെയും നികുതി 28 ശതമാനമായി ഏകീകരിക്കാൻ ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു. നിലവിൽ സർക്കാർ ലോട്ടറിക്ക് 12 ശതമാനവും സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവുമായിരുന്നു നികുതി. മാർച്ച് 1ന് പുതിയ നികുതി നിലവിൽ വരും. കേരളത്തിന് കനത്ത സാമ്പത്തിക നഷ്‌ടമുണ്ടാക്കുന്ന തീരുമാനമാണിത്.

ജി.എസ്.ടി കൗൺസിലിൽ ആദ്യമായി നടന്ന വോട്ടെടുപ്പിൽ കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങൾ നികുതി ഏകീകരിക്കുന്നതിനെ എതിർത്ത് വോട്ടുചെയ്തു. നികുതി ഏകീകരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് അനുകൂലമായി 17 വോട്ട് ലഭിച്ചു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതാണ് തിരിച്ചടിയായതെന്ന് യോഗത്തിന് ശേഷം സംസ്ഥാന ധനമന്ത്രി തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിന്റെ വരുമാനം ഇടിയും

നികുതി ഏകീകരിക്കുന്നത് കേരളത്തിലെ ലോട്ടറി വരുമാനത്തിൽ ഇടിവുണ്ടാക്കും. നിലവിൽ 1,200 കോടിയോളമാണ് കേരളത്തിന്റെ ലോട്ടറി ലാഭം. ഈ ലാഭം നികുതിയായി മാറുന്നതോടെ അതിൽ പകുതി കേന്ദ്രത്തിന് നൽകേണ്ടിവരും. കേരളത്തിലെ ലോട്ടറി ഘടനയിൽ സമൂല പരിഷ്കാരം വരും. ലോട്ടറിയുടെ വില, സമ്മാനത്തുക, ഏജൻറുമാരുടെ കമ്മിഷൻ തുടങ്ങിയവയിൽ മാറ്റമുണ്ടാകും.

ആദ്യ വോട്ടെടുപ്പ്

ജി.എസ്.ടി കൗൺസലിന്റെ ചരിത്രത്തിലെ ആദ്യ വോട്ടെടുപ്പാണ് ഇന്നലെ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിൽ ഇവിടെ നടന്ന 38ാമത് യോഗത്തിലുണ്ടായത്. ഇതുവരെയുള്ള 37 കൗൺസിൽ യോഗതീരുമാനങ്ങളും ഏകകണ്ഠമായായിരുന്നു.

ലോട്ടറി നികുതി ഏകീകരിക്കണമോയെന്ന് പ്രത്യേകം പരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഒന്നരമണിക്കൂർ വാദപ്രതിവാദം നടന്നു. യോജിപ്പിൽ എത്താത്തിനാൽ കേരളം വോട്ടെടുപ്പ് ആവശ്യപ്പെട്ടു.

കേരളത്തെ കൂടാതെ പശ്ചിമബംഗാൾ, പുതുച്ചേരി, ഡൽഹി, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, സംസ്ഥാനങ്ങൾ നികുതി ഏകീകരിക്കുന്നതിനെ എതിർത്ത് വോട്ടുചെയ്തു.
നേരത്തെ കേരളത്തിനൊപ്പം നിന്ന സംസ്ഥാനമാണ് പഞ്ചാബ്. നികുതി ഏകീകരണം ആവശ്യപ്പെട്ടിരുന്ന മഹാരാഷ്ട്ര ഇത്തവണ ഒപ്പം നിന്നു. എൻ.സി.പി ധനമന്ത്രി ബി.ജെ.പിക്കെതിരെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയായിരുന്നു. പഞ്ചാബും രാജസ്ഥാനും കൂടെ നിന്നിരുന്നെങ്കിൽ കേന്ദ്രസർക്കാരിനെ തോൽപ്പിക്കാമായിരുന്നെന്ന് തോമസ് ഐസക് പറഞ്ഞു. ലോട്ടറി നികുതി ഏകീകരണത്തിന് പിന്നിൽ ലോട്ടറിമാഫിയയുടെ സ്വാധീനം സംശയിക്കുന്നതായും മന്ത്രി ആരോപിച്ചു.

കേരളത്തിലെ ലോട്ടറി ഘടന പരിഷ്‌കരിക്കും. വില കൂട്ടുന്നതും, സമ്മാനത്തുക കുറയ്ക്കുന്നതുമടക്കം ലോട്ടറി മേഖലയിലെ ട്രേഡ് യൂണിയനുകളുമായി ആലോചിച്ച് തീരുമാനിക്കും. കേരളത്തിലേക്ക് അന്യസംസ്ഥാന ലോട്ടറി മാഫിയകൾ കടന്നുകയറുന്നത് നിയമപരമായി തടയും. ലോട്ടറി നിയമത്തിൽ ഭേദഗതിക്ക് കേന്ദ്രത്തിന് കത്തുനൽകും.

- ധനമന്ത്രി തോമസ് ഐസക്

അന്യസംസ്ഥാന ലോട്ടറി ഭീഷണി വീണ്ടും

തിരുവനന്തപുരം: ലോട്ടറി ജി.എസ്. ടി 28ശതമാനമാക്കിയതോടെ കേരളം തുരത്തിയ സ്വകാര്യ ലോട്ടറി ഏ‌ജൻസികൾ വീണ്ടും തഴച്ചുവളരുമെന്നാണ് ആശങ്ക. നാഗാലാൻഡ്, സിക്കിം തുടങ്ങിയ സംസ്ഥാന ലോട്ടറികൾ സ്വകാര്യ ഏജൻസികളാണ് നടത്തുന്നത്.

കേരളത്തിന്റെ പ്രധാന നികുതിയിതര വരുമാനസ്രോതസാണ് ലോട്ടറി. കഴിഞ്ഞ വർഷം 9,276 കോടി രൂപയാണ് ലോട്ടറിയിൽ നിന്നു ലഭിച്ചത്. ഈ സാമ്പത്തിക വർഷം 11,800 കോടി രൂപയാകുമെന്നാണ് കണക്ക്. അന്യസംസ്ഥാന ലോട്ടറികളുടെ ആകർഷണീയത കാരണം കേരളലോട്ടറിക്ക് ഇടിവു സംഭവിച്ചേക്കും.