nirbhaya-case

ന്യൂഡൽഹി : നിർഭയ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് അവകാശപ്പെട്ട് കേസിലെ പ്രതികളിലൊരാളായ പവൻകുമാർ ഗുപ്ത നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.

കുറ്റകൃത്യം നടന്ന 2012 ഡിസംബർ 16ന് തനിക്ക് 18 വയസിൽ താഴെയായിരുന്നു പ്രായമെന്ന് അവകാശപ്പെട്ടാണ് പവൻ കോടതിയെ സമീപിച്ചത്. കേസ് രേഖകളിൽ പ്രായപൂർത്തിയായിരുന്നുവെന്നാണ്. എന്നാൽ ശാസ്ത്രീയ പരിശോധന നടത്തിയല്ല തന്റെ വയസ് രേഖപ്പെടുത്തിയത്. പ്രായം തെളിയിക്കുന്നതിനായി ബോൺ ടെസ്റ്റ് നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യം നടന്ന സമയത്ത് പവൻ കുമാർ ഗുപ്ത ജുവനൈൽ ആയിരുന്നില്ലെന്നും വധശിക്ഷ ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഹർജിയെന്നും കോടതി നിരീക്ഷിച്ചു.

ഹൈക്കോടതിയുടെ തീരുമാനത്തെ നിർഭയയുടെ അമ്മ സ്വാഗതം ചെയ്തു. വധശിക്ഷ വിധിക്കപ്പെട്ട പ്രതിയുടെ ഹർജി പരിഗണിക്കുന്നതിനെ നിർഭയയുടെ അഭിഭാഷകൻ നേരത്തെ എതിർത്തിരുന്നു. പ്രതികളിലൊരാളായ അക്ഷയ് കുമാർ സിംഗ് നൽകിയ പുനഃപരിശോധനാ ഹർജിയും ബുധനാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. പ്രതികളുടെ മരണവാറണ്ട് ഉടൻ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ അമ്മ ആശാദേവി നൽകിയ ഹർജി ജനുവരി ഏഴിന് പരിഗണിക്കാൻ പട്യാല ഹൗസ് കോടതി മാറ്റിയിരുന്നു.

 അഭിഭാഷകന് പിഴ

പവൻ കുമാർ ഗുപ്തയ്ക്കുവേണ്ടി കോടതിയെ സമീപിച്ച അഭിഭാഷകൻ എ.പി സിംഗിന് 25,000 രൂപ കോടതി പിഴ ചുമത്തി. പല തവണ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് പിഴ. പ്രതിയുടെ പ്രായം സംബന്ധിച്ച വ്യാജ സത്യവാങ്‌മൂലം സമർപ്പിച്ച അഭിഭാഷകനെതിരെ നടപടി സ്വീകരിക്കാൻ കോടതി ഡൽഹി ബാർ കൗൺസിലിന് നിർദ്ദേശം നൽകുകയും ചെയ്തു.