ന്യൂഡൽഹി: ജാമിയ സംഘർഷവുമായി ബന്ധപ്പെട്ട ഹർജികളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചു. ഫെബ്രുവരി നാലിനാണ് അടുത്തവാദം. എത്രയും പെട്ടെന്ന് ഹർജികൾ പരിഗണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചു. ഇതിനെതിരെ 'ഷെയിം ഷെയിം' വിളിച്ച് അഭിഭാഷകർ പ്രതിഷേധിച്ചു.
ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്, ഇന്ദിര ജയ്‌സിംഗ്, സഞ്ജയ് ഹെഡ്ജ്, സൽമാൻ ഖുർഷിത് തുടങ്ങിയവരാണ് ജാമിയയ്ക്കായി ഹാജരായത്. പൊലീസ് കാമ്പസിൽ വൻ അക്രമമാണ് അഴിച്ചുവിട്ടതെന്നും അക്രമത്തിൽ ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടമായെന്നും മറ്റൊരു വിദ്യാർത്ഥിക്ക് വെടിവയ്പിൽ പരിക്കേറ്റെന്നും കോടതിയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഹാജരാക്കി. റിട്ട. ജഡ്ജിയെക്കൊണ്ട് സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് ഇടക്കാല സംരക്ഷണം അനുവദിക്കണമെന്നും ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും സത്യവാങ്മൂലം പരിശോധിച്ചശേഷം കേസ് ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന് കോടതി നിലപാടെടുത്തു.
ഇതോടെയാണ് 'ഷെയിം ഷെയിം" വിളികളുമായി യുവ അഭിഭാഷകർ കോടതി മുറിക്കുള്ളിൽ എഴുന്നേറ്റ് നിന്നത്. ഇതോടെ ജഡ്ജി കോടതി മുറി വിട്ടു. ഹർജികളിൽ ഉടൻ തീർപ്പ് കൽപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. 15മിനിട്ടോളം പ്രതിഷേധം നീണ്ടു.