ന്യൂഡൽഹി: ഗ്രാമ വികസന പ്രവർത്തനങ്ങളിലെ മികവിന് കേരളത്തിന് എട്ട് ദേശീയ അവാർഡുകൾ ലഭിച്ചു. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് നാല് അവാർഡുകളും കുടുംബശ്രീ മിഷന് ദീൻ ദയാൽ കൗശല്യയോജന അവാർഡും സംസ്ഥാന ഗ്രാമവികസന വകുപ്പിന് പ്രധാനമന്ത്റി ആവാസ് യോജന പദ്ധതി നടത്തിപ്പിന് രണ്ട് അവാർഡുകളും ദിശ മീറ്റിംഗിന്റെ മികച്ച നടത്തിപ്പിന് ഒരു അവാർഡുമാണ് ലഭിച്ചത്.
തൊഴിലുറപ്പു പദ്ധതിയിൽ സുരക്ഷിത സോഫ്റ്റ്വെയർ നടപ്പാക്കിയതിന് ഗ്രാമമവികസന വകുപ്പ് കമ്മിഷണർ എൻ. പത്മകുമാർ, കുടുംബശ്രീ മിഷനുവേണ്ടി എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി. എസ്. ഷിനോ എന്നിവർ കേന്ദ്ര മന്ത്റി നരേന്ദ്രസിംഗ് തോമറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
പി.എം.എ.വൈ അവാർഡ് വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യനും മികച്ച വില്ലേജ് എക്സ്‌റ്റെൻഷൻ ഓഫീസർക്കുള്ള അവാർഡ് ഇടുക്കി അടിമാലി ബ്ലോക്ക് വി.ഇ.ഒ എ. വി ദിവ്യയ്ക്കും ലഭിച്ചു. തൊഴിലുറപ്പു പദ്ധതിക്ക് സുരക്ഷിത സോഫ്റ്റ്വെയർ നിർമ്മിച്ച കേരള എൻ.ഐ.സിയും പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തും അവാർഡിന് അർഹമായി.