ന്യൂഡൽഹി:ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ, ബി. ജെ. പിയിൽ നിന്ന് പുറത്താക്കിയ കുൽദീപ് സിംഗ് സെൻഗർ എം.എൽ.എയ്‌ക്ക് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചു. ജീവപര്യന്തം എന്നാൽ മരണം വരെ ആയിരിക്കുമെന്നും തീസ് ഹസാരി കോടതി വിധിയിൽ വ്യക്തമാക്കി.
പിഴത്തുകയിൽ പത്ത് ലക്ഷം രൂപ പെൺകുട്ടിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണം. നേരത്തേ അനുവദിച്ച 25ലക്ഷം രൂപയ്‌ക്ക് പുറമെയാണിത്. പിഴയിൽ ബാക്കി 15 ലക്ഷം രൂപ കേസിന്റെ ചെലവായി സംസ്ഥാന സർക്കാരിന് നൽകണം. ഒരു മാസത്തിനുള്ളിൽ പിഴ ഒടുക്കിയില്ലെങ്കിൽ സെൻഗറിന്റെ ഭൂമി കണ്ട് കെട്ടാനും പ്രത്യേക ജഡ്‌ജി ധർമ്മേന്ദ്ര കുമാർ ഉത്തരവിട്ടു.
നാല് തവണ എം.എൽ.എയായ സെൻഗറിന്റെ സാമൂഹിക പ്രവർത്തനങ്ങളും വിവാഹപ്രായമായ മകളേയും ഓർത്ത് ശിക്ഷയിൽ ഇളവ് വരുത്തണമെന്ന് കുൽദീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടിയോടും കുടുംബത്തോടും ചെയ്ത ഹീന പ്രവൃത്തിക്ക് മാപ്പില്ലെന്ന് കോടതി വിധിച്ചു. ശക്തനായ ഒരു വ്യക്തിക്കെതിരെ പെൺകുട്ടി നൽകിയ മൊഴി സത്യസന്ധവും കുറ്റമറ്റതുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മാനഭംഗ കേസിൽ കുൽദീപ് സെൻഗർ കുറ്റക്കാരനാണെന്ന് കോടതി ഡിസംബർ 16ന് വിധിച്ചിരുന്നു. ഇയാൾക്കെതിരെ മാനഭംഗം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞതായി കോടതി പറഞ്ഞു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും ജഡ്‌ജി ചൂണ്ടിക്കാട്ടി.
പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്‌ത് സെൻഗറിന്റെ അടുത്ത് എത്തിച്ച കൂട്ടുപ്രതി ശശി സിംഗ് എന്ന യുവതിയെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതേ വിട്ടു.
സുപ്രീംകോടതി നിർദ്ദേശ പ്രകാരം കേസിന്റെ വിചാരണ ലക്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ ആഗസ്റ്റ് 5 മുതൽ തുടർച്ചയായി വാദം കേൾക്കുകയായിരുന്നു. അടച്ചിട്ട മുറിയിൽ രഹസ്യമായാണ് വിചാരണ നടന്നത്. പൊതുജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും പ്രവേശനം ഇല്ലായിരുന്നു.
മാനഭംഗക്കേസിൽ മാത്രമാണ് സെൻഗറിന് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനും, പെൺകുട്ടിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും ആ ആസൂത്രിത അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടതിനും വേറെ കേസുകളും ഉണ്ട്.
പെൺകുട്ടിക്ക് പ്രത്യേക സുരക്ഷ
പെൺകുട്ടിക്കും കുടുംബത്തിനും ഭീഷണി ഉള്ളതിനാൽ സുരക്ഷ ഉറപ്പാക്കാൻ കോടതി സി. ബി. ഐക്ക് നിർദ്ദേശം നൽകി. മൂന്ന് മാസം കൂടുമ്പോൾ സുരക്ഷാ ഭീഷണി വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കണം. കോടതി നിർദ്ദേശ പ്രകാരം പെൺകുട്ടിയും കുടുംബാംഗങ്ങളും ഒരു വർഷത്തേക്ക് ( 2020 നവംബർ വരെ ) ഡൽഹി വനിതാ കമ്മിഷൻ ഏർപ്പെടുത്തിയ കെട്ടിടത്തിൽ ആയിരിക്കും താമസിക്കുക. ഈ കെട്ടിടത്തിന്റെ വാടകയായി പ്രതിമാസം 15,000 രൂപ ഉത്തർപ്രദേശ് ഗവൺമെന്റ് നൽകണം.