ന്യൂഡൽഹി: ദരിദ്രകർഷകനിൽ നിന്ന് കിരീടംവയ്ക്കാത്ത രാജാവിലേക്കുള്ള വളർച്ചയാണ് കുൽദീപ് സിംഗ് സെൻഗാറിന്റെ ജീവിതം. പണവും അധികാരവും ആൾബലവും കൊണ്ട് ഉന്നാവ് എന്ന ദരിദ്രഗ്രാമത്തിന്റെ തലവനായി മാറിയ കഥ.
കർഷക കുടുബത്തിലായിരുന്നു സെൻഗാറിന്റെ ജനനം. പന്ത്രണ്ടാം ക്ലാസുവരെ പഠനം. പിന്നെ കൃഷിയിലേക്ക്.
1997-98 കാലത്ത് മാഘി ഗ്രാമമുഖ്യനായി രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചു.
ഠാക്കൂർ വിഭാഗത്തിൽ നിന്നുള്ള നേതാവായാണ് സെൻഗാർ സ്വയം ഉയർത്തിക്കാട്ടിയത്. ഠാക്കൂർ വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചത്. എതിർക്കുന്നവരെ മുഴുവൻ ഭയപ്പെടുത്തി നിലയ്ക്കു നിറുത്തുന്നതാണ് രീതി. സെൻഗാറുടെ സഹോദരങ്ങളായ അതുൽ, മനോജ്, അനിൽ എന്നിവരാണ് ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2004ൽ സെൻഗാറിന്റെ അനധികൃത ഖനനം തടയാൻ ശ്രമിച്ച ഉന്നാവ് അഡിഷണൽ പൊലീസ് സൂപ്രണ്ട് രാംലാൽ വർമ്മയെ വെടിവച്ചതുൾപ്പെടെ അമ്പതോളം കേസുകളിൽ ഇവർ പ്രതികളാണ്. സെൻഗാറിനെതിരെ വാർത്തകൾ നൽകിയ മാദ്ധ്യമ പ്രവർത്തകന്റെ പിതാവിനെ വെടിവച്ച കേസുമുണ്ട്.
ഉന്നാവിലും കാൺപൂരിലും സ്വന്തമായി ആഭരണക്കടകളുണ്ട് സെൻഗാറിന്. രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച സെൻഗാർ കുടുംബാംഗങ്ങളെയും അധികാര കേന്ദ്രങ്ങളിലെത്തിച്ചു. സമാജ്‌വാദി പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ ഭാര്യ സംഗീതയെ ഉന്നാവ് ജില്ലാ പരിഷത്ത് ചെയർപേഴ്‌സണാക്കി. സഹോദരനായ മനോജും ബ്ലോക്ക്തല തദ്ദേശ സ്ഥാപന പ്രതിനിധിയാണ്.
രാഷ്ട്രീയ ജീവിതം
1990കളിൽ കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം
2002ൽ ബി.എസ്.പി.യിലേക്ക് ചേക്കേറി.
ഉന്നാവ് സദർ മണ്ഡലത്തിലെ ബി.എസ്.പിയുടെ ആദ്യ എം.എൽ.എയായി.
2007 ൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായി ബാംഗർമൗവിൽ നിന്ന് ജയിച്ചു.
2012ൽ ഭഗവന്ത് നഗർ സീറ്റിൽ വെന്നിക്കൊടി പാറിച്ചു.
സമാജ്‌വാദി പാർട്ടിയുടെ തലപ്പത്ത് അഖിലേഷ് എത്തിയതോടെ ബി.ജെ.പിയിലേക്ക് ചേക്കേറി.
2017ൽ ബാംഗർമൗവിൽ ബി.ജെ.പി എം.എൽ.എയായി